‘മഴ നനയുന്നത് മനോഹരമാണ്, പക്ഷെ 2014ന് ശേഷം നിർമിച്ച പാലത്തിന് അടു​ത്തേക്ക് പോകരുത്’; ബി.ജെ.പിയെ പരിഹസിച്ച് പ്രകാശ് രാജ്

ബിഹാറിൽ കഴിഞ്ഞ ദിവസങ്ങളിലായി പത്ത് പാലങ്ങളാണ് തകർന്നത്

Update: 2024-07-05 04:26 GMT

പ്രകാശ് രാജ്

Advertising

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ ശക്തമായതോടെ എങ്ങും തകർച്ചയുടെയും ചോർച്ചയുടെയും വാർത്തകളാണ്. വിവിധ എയർപോർട്ടുകളിലെ മേൽക്കൂരയുടെ തകർച്ച, ബിഹാറിലെ പാലങ്ങൾ നിരന്തരം തകർന്ന് വീഴൽ, അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോർച്ച തുടങ്ങി നിരവധി സംഭവങ്ങളാണ് മഴ ശക്തമായതോടെ ഉണ്ടായത്. ​

ബി.ജെ.പി, എൻ.ഡി.എ സർക്കാറുകൾ കോടികൾ ചെലവഴിച്ച് നിർമിച്ച വികസന പദ്ധതികളാണ് ഇതിൽ പലതും. ഇതിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് ​നടനും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്. 2014ന് ശേഷം നിർമിച്ച പാലങ്ങളുടെയും കെട്ടിടങ്ങളുടെയും അടുത്തേക്ക് പോകരുതെന്ന് അദ്ദേഹം ‘എക്സി’ൽ ഓർമിപ്പിച്ചു.

‘മൺസൂൺ മുന്നറിയിപ്പ്: നനയുന്നത് അതിമനോഹരമാണ്. എന്നാൽ, 2014ന് ശേഷം നിർമിച്ചതോ​ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, എയർപോർട്ടുകൾ, ദേശീയപാതകൾ, ആശുപത്രികൾ എന്നിവയുടെ അടുത്തേക്ക് പോവുകയോ ട്രെയിനിൽ കയറുകയോ ചെയ്യരുത്. ശ്രദ്ധ പുലർത്തണം’ -എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

ബിഹാറിൽ ഈ വർഷം മാത്രം തകർന്നുവീണത് ഇരുപതോളം പാലങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിലായി പത്ത് പാലങ്ങൾ തകർന്നു. മിക്കതും ഗ്രാമീണ മേഖലകളിലെ ചെറിയ പാലങ്ങളാണ്. ഇതിൽ കാലപ്പഴക്കം ചെന്നവ കുറച്ചേയുള്ളൂ. കൂടുതലും 25 വർഷത്തിനുള്ളിൽ നിർമിച്ചവയാണ്.

കഴിഞ്ഞയാഴ്ച ഡൽഹി എയർപോർട്ടിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത് കൂടാ​തെ മധ്യപ്രദേശിലും ഗുജറാത്തിലും വിമാനത്താവളങ്ങളിലെ മേൽക്കൂര തകർന്നുവീഴുകയുണ്ടായി.

അയോധ്യയിലെ രാമക്ഷേത്രത്തിലെ ചോർച്ചയും വലിയ ചർച്ചയായിരുന്നു. കൂടാതെ ക്ഷേത്രത്തിലേക്ക് കോടികൾ ചെലവഴിച്ച് നിർമിച്ച റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതും വിവാദമായിട്ടുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News