കരുതൽതടങ്കലിലായിരുന്ന പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

28 മണിക്കൂർ കഴിഞ്ഞ ശേഷവും മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കാത്തതിനെയും എഫ്.ഐ.ആർ തയാറാക്കാത്തതിനെയും പ്രിയങ്ക വിമർശിക്കുകയും പ്രതിഷേധിച്ച് നിരാഹാര സമരം ഇരിക്കുകയും ചെയ്തിരുന്നു

Update: 2021-10-05 09:10 GMT
Advertising

ലഖിംപൂരിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 31 മണിക്കൂറിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രിയങ്കയടക്കം 11 പേർക്കെതിരെ യു.പി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.

28 മണിക്കൂർ കഴിഞ്ഞ ശേഷവും മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കാത്തതിനെയും എഫ്.ഐ.ആർ തയാറാക്കാത്തതിനെയും പ്രിയങ്ക വിമർശിക്കുകയും പ്രതിഷേധിച്ച് നിരാഹാര സമരം ഇരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ പ്രിയങ്കയെ സന്ദർശിക്കാൻ വന്ന ചത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലഖ്‌നൗ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. സീതാപൂരിലേക്ക് പോകാൻ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്.

പ്രിയങ്കക്കെതിരെയുള്ള നടപടി നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ എഫ്.ഐ.ആർ പോലുമില്ലാതെ നിയമവിരുദ്ധമായി തടവിലിടുകയും കുറ്റവാളിയായ മന്ത്രിയുടെ പുറത്തുവിലസി നടക്കുകയും ചെയ്യുകയാണെന്ന് പ്രിയങ്ക വിമർശിച്ചിരുന്നു. കേന്ദ്രമന്ത്രി അജയ് ശർമ രാജിവെക്കാതിരിക്കുകയും മകനെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്യുമ്പോൾ നരേന്ദ്ര മോദി ലഖ്നൗവിൽ ആസാദി മഹോത്സവ് ആഘോഷിക്കുകയാണെന്നും അവർ വിമർശിച്ചിരുന്നു. കർഷകരാണ് നമുക്ക് സ്വാതന്ത്ര്യം നൽകിയതെന്നും അവർ അനീതി നേരിടുമ്പോൾ ആഘോഷം നടത്താൻ നിങ്ങൾ എന്ത് ധാർമികതയാണുള്ളതെന്നും പ്രിയങ്ക ചോദിച്ചു. ലഖ്നൗവിൽ ഇന്ന് നടക്കുന്ന ആസാദി@75 ന്യൂ അർബൻ ഇന്ത്യ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനെ സൂചിപ്പിച്ചായിരുന്നു വിമർശനം. ഇത് സംബന്ധിച്ച് ട്വിറ്ററിൽ മോദിക്ക് വീഡിയോ സന്ദേശം അയക്കുകയും ചെയ്തിരുന്നു.

കർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റിയതിനെ തുടർന്ന് ഒമ്പത് പേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിലേക്ക് പോകവേ ഉത്തർപ്രദേശ് പൊലീസ് പ്രിയങ്ക ഗാന്ധിയെ കരുതൽ തടങ്കലിലാക്കുകയായിരുന്നു. സീതാപൂർ പോലീസ് കേന്ദ്രത്തിലായിരുന്നു പ്രിയങ്കയെ തടഞ്ഞുവെച്ചിരുന്നത്.

റെസ്റ്റ് ഹൗസിൽ കഴിയുന്ന തനിക്ക് മറ്റാരുമായും നേരിട്ട് സംസാരിക്കാൻ കഴിയുന്നില്ലെന്നും ലഖിംപൂരിൽ പോയി കർഷക കുടുംബങ്ങളെ കാണാതെ മടങ്ങില്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു. പ്രിയങ്കയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സീതാപൂർ പൊലീസ് കേന്ദ്രം ഉപരോധിച്ചിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News