ആയുധ വ്യാപാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇ.ഡി കുറ്റപത്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പേരും
എൻ.ആർ.ഐ വ്യവസായി സി.സി തമ്പിക്ക് പ്രിയങ്കയും ഭർത്താവ് റോബർട്ട് വാദ്രയും ഭൂമി വിറ്റെന്നാണ് ആരോപണം.
ന്യൂഡൽഹി: ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്ക് എതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പേരും. എൻ.ആർ.ഐ വ്യവസായി സി.സി തമ്പിക്ക് പ്രിയങ്കയും ഭർത്താവ് റോബർട്ട് വാദ്രയും ഭൂമി വിറ്റെന്നാണ് ആരോപണം. റോബർട്ട് വാദ്രയും സി.സി തമ്പിയും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
റോബർട്ട് വാദ്രയുടെ പേര് നേരത്തെയും ഇ.ഡി കുറ്റപത്രത്തിൽ വന്നിട്ടുണ്ടെങ്കിലും പ്രിയങ്കയുടെ പേര് ആദ്യമായാണ് കുറ്റപത്രത്തിൽ വരുന്നത്. കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിലേക്കാണ് പ്രിയങ്കയുടെ പേര് ചേർക്കുന്നത് എന്നതും പ്രധാനമാണ്.
സി.സി തമ്പിക്ക് ഭൂമി കൈമാറിയതിൽ പ്രിയങ്കാ ഗാന്ധിക്ക് പണം ലഭിച്ചെന്നും ഇ.ഡി ആരോപിക്കുന്നുണ്ട്. ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ സഞ്ജയ് ഭണ്ഡാരിക്ക് വിദേശത്തേക്ക് കടക്കാൻ സൗകര്യമൊരുക്കിയത് സി.സി തമ്പിയാണ്. കഴിഞ്ഞ 10 വർഷമായി തനിക്ക് റോബർട്ട് വാദ്രയുമായി അടുത്ത ബന്ധമുണ്ടെന്ന് സി.സി തമ്പി ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്.