ഹാഥ്റസിൽ ആശ്വാസ വാക്കുകളുമായി രാഹുൽ ഗാന്ധി; മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യം

‘വിഷയം പാർലമെന്റിൽ ഉന്നയിക്കും’

Update: 2024-07-05 04:45 GMT
Advertising

ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഹാഥ്റസിലെയും അലീഗഢിലെയും ഗ്രാമങ്ങളിലെത്തിയത്.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാർട്ടി വക്താവ് സുപ്രിയ ശ്രീനെറ്റ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ അനുഗമിച്ചു. രാവിലെ 7.15ഓടെ അലീഗഢിന് സമീപത്തെ പിൽക്കാന ഗ്രാമത്തിലെത്തി ശാന്തി ദേവി, മഞ്ജു ദേവി എന്നിവരുടെ കുടുംബാംഗങ്ങളെ കണ്ടു. സാമ്പത്തിക സഹായം നൽകാമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയതായി കുടുംബാംഗങ്ങൾ പറഞ്ഞു.

‘ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. പരിപാടി നടന്ന സ്ഥലത്ത് മതിയായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. നല്ല ചികിത്സാ സൗകര്യം ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരിയെ രക്ഷിക്കാമായിരുന്നു’ -കുടുംബാംഗം പറഞ്ഞു.

‘മരണപ്പെട്ടവരെല്ലാം നിർധന കുടുംബത്തിൽപെട്ടവരാണ്. അവർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം’ -രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.

ബോലെ ബാബ എന്നറിയപ്പെടുന്ന ആൾദൈവത്തിന്റെ പരിപാടിക്കിടയിലുണ്ടായ ദുരന്തത്തിൽ 121 പേരാണ് കൊലപ്പെട്ടത്. പരിപാടിയുടെ സംഘടകരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ബോലെ ബാബയുടെ പേര് ഇതുവരെയും പൊലീസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ല.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News