ബീച്ച് റിസോർട്ട്, പ്രൈവറ്റ് ജറ്റ്, ആഡംബരക്കാറുകൾ...രാഷ്ട്രീയത്തിനപ്പുറത്തെ രാജീവ് ചന്ദ്രശേഖർ
രാജീവിന്റെ വീടിനോട് ചേർന്നു കിടക്കുന്ന ഗ്യാരേജിൽ ഇഷ്ടവാഹനങ്ങളുടെ ഇരമ്പമാണ്. വാഹനത്തിൽ മാത്രമല്ല, കാർ റേസിങ്ങിലും അടങ്ങാത്ത കമ്പമുണ്ട്.
'അച്ഛനെ പോലെ വ്യോമസേനയിൽ പൈലറ്റാകണം എന്നായിരുന്നു ആഗ്രഹം. എയർഫോഴ്‌സ് എയർഫീൽഡിൽ അമ്മയുടെ കൈ പിടിച്ചു നിൽക്കുന്ന എന്നെ കോക്പിറ്റിൽനിന്ന് അച്ഛൻ കൈവീശിക്കാണിക്കുന്നത് ഇപ്പോഴും ഓർമകളിലുണ്ട്. അതാണ് പറക്കുന്നതിനോടുള്ള എന്റെ പ്രണയം. എന്നാൽ ചെറുപ്പം മുതൽ കണ്ണട വയ്‌ക്കേണ്ടി വന്നതിനാൽ ആ മോഹം സഫലമായില്ല.' പൈലറ്റാകാൻ കഴിയാതെ പോയ സങ്കടം സ്റ്റാർ വേൽഡിൽ വീർ സിങ്‌വിക്ക് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ പറയുന്നത് ഇങ്ങനെയാണ്.
പൈലറ്റ് ആയില്ലെങ്കിലും സ്വന്തമായി സ്വകാര്യ ജെറ്റുള്ള വൻകിട വ്യവസായി മാറി രാജീവ് ചന്ദ്രശേഖർ. സൈനിക കുടുംബത്തിന്റെ കാർക്കശ്യമുള്ള ജീവിതപശ്ചാത്തലത്തിൽ നിന്ന് അതെല്ലാം രാജീവ് വെട്ടിപ്പിടിച്ചു നേടിയതാണ്. അടങ്ങാത്ത അഭിനിവേശത്തിന്റെ മുദ്രകൾ കൂടിയാണ് രാജീവ് സ്വന്തമാക്കിയ നേട്ടങ്ങൾ. ലക്ഷ്യത്തിലേക്ക് കണ്ണുനട്ടുള്ള കഠിനാധ്വാനം മാത്രമാണ് തന്റെ വിജയത്തിനു പിന്നിലെ ഏക കാരണമെന്ന് അദ്ദേഹം പലവുരു പറഞ്ഞിട്ടുണ്ട്. മോദി മന്ത്രിസഭയിൽ പുതിയ അംഗമായി ഇടംപിടിക്കുമ്പോൾ ആ യാത്രകൾ തന്നെയാണ് രാജീവിന്റെ ഊർജവും കരുതലും.
ബിസിനസിന്റെ തിരക്കുകളിൽ നിൽക്കുമ്പോൾ മുൻ പ്രധാനമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച്ച്ഡി ദേവഗൗഡയാണ് രാജീവിനോട് രാഷ്ട്രീയത്തിൽ താത്പര്യമുണ്ടോ എന്നു ചോദിക്കുന്നത്. ഉണ്ട് എന്ന ഉത്തരം അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. 2006 മുതൽ 2018 വരെ രാജ്യസഭയിലെ സ്വതന്ത്ര അംഗമായിരുന്നു. ബിജെപിയിൽ ചേർന്നതിന് ശേഷം ബിജെപി അംഗമായി സഭയിലെത്തി. കഴിഞ്ഞ ദിവസം നടന്ന പുനഃസംഘടനയിൽ കേന്ദ്രമന്ത്രിസഭയിലും. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എൻഡിഎയുടെ വൈസ് ചെയർമാൻ ആയിരുന്നു. 2018 കർണാടക അസംബ്ലി തെരഞ്ഞെടുപ്പിൽ കമ്യൂണിക്കേഷൻ ഇൻചാർജും.
രാഷ്ട്രീയവും ബിസിനസും എങ്ങനെ ഒന്നിച്ചു കൊണ്ടു പോകുന്നു എന്ന ചോദ്യത്തിന് രാജീവിന് കൃത്യമായ ഉത്തരമുണ്ട്. 'രാഷ്ട്രീയവും വ്യക്തിജീവിതവും ബിസിനസും ഒന്നിച്ചു കൊണ്ടു പോകുന്ന, എന്നെപ്പോലെ ജീവിക്കുന്ന ഒരുപാട് പേർ ഇന്ത്യയിലുണ്ട്. ബിസിനസിൽ ചെയ്ത ഒരുപാട് കാര്യങ്ങൾ ഇപ്പോൾ രാഷ്ട്രീയത്തിൽ ചെയ്യാനാകുന്നു. ചെയ്ത കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നു' - എന്നാണ് വീർസിങ്‌വിയോടുള്ള അദ്ദേഹത്തിന്റെ ഉത്തരം.
എയർഫോഴ്‌സിൽ എയർ കമഡോർ ആയിരുന്ന എംകെ ചന്ദ്രശേഖരന്റെ മകനായി ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു രാജീവിന്റെ ജനനം. കോൺഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ ഫ്‌ളൈറ്റ് ട്രയിനറായിരുന്നു ചന്ദ്രശേഖർ. ഇന്ത്യയിലെ വിവിധ സ്‌കൂളുകളിൽ പ്രാഥമിക പഠനം. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് പഠിച്ചു. ഷിക്കാഗോ ഇല്ലിനോയ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്‌സ്. പഠനത്തിന് ശേഷം 1988-91 കാലയളവിൽ ഇന്റലിൽ ജോലി ചെയ്തു.
1991ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബിപിഎൽ ഗ്രൂപ്പിന്റെ ഭാഗമായി. 1994ൽ ബിപിഎൽ മൊബൈൽ സ്ഥാപിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമ്പനി സ്ഥാപിക്കുന്നത്. ബിസിനസ് ജീവിതത്തിൽ നിർണായകമായ ആ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് രാജേഷ് പൈലറ്റും. കുറഞ്ഞ കാലം കൊണ്ട് ഒരു ദശലക്ഷം ഉപഭോക്താക്കളുള്ള വലിയ കമ്യൂണിക്കേഷൻ നെറ്റ്‌വർക്കായി ബിപിഎൽ മാറി. ഒരു ദിവസം 19 മണിക്കൂർ ഒക്കെ ജോലി ചെയ്തിരുന്ന അക്കാലമാണ് കരിയറിലെ ഏറ്റവും മികച്ച ദിനങ്ങളെന്ന് രാജീവ് പിന്നീട് പറഞ്ഞിട്ടുണ്ട്. 2005ൽ ബിപിഎൽ കമ്യൂണിക്കേഷൻസിന്റെ 64 ശതമാനം ഓഹരി ഹച്ചിസണ് വിറ്റത് വിറ്റത് 8,214 കോടി രൂപയ്ക്കാണ്.
2005ൽ 100 മില്യൺ യുഎസ് ഡോളർ മൂലധനത്തിൽ ജൂപിറ്റർ ക്യാപിറ്റൽ സ്ഥാപിച്ചു. ടെക്‌നോളജി, മീഡിയ, ഹോസ്പിറ്റാലിറ്റി, എന്റർടൈൻമെന്റ് മേഖലയിൽ പടർന്നു കിടക്കുന്ന 800 മില്യൺ ഡോളറിന്റെ നിക്ഷേപമുള്ള കമ്പനിയാണ് ഇന്ന് ജൂപിറ്റർ. സ്ഥാപനത്തിന്റെ സിഇഒയാണ്.
ആഡംബര വാഹനങ്ങളും ഷുമാക്കറും
സ്വന്തമാക്കിയ നേട്ടങ്ങൾക്ക് പിന്നിലെല്ലാം കഠിനാധ്വാനത്തിന്റെ വിയർപ്പുണ്ടെന്ന് രാജീവ് പലവേള പറഞ്ഞിട്ടുണ്ട്. ബീച്ച് റിസോർട്ട്, പ്രൈവറ്റ് ജെറ്റ്, ഫെറാറി, ലംബോർഗിനി തുടങ്ങിയ ആഡംബരക്കാറുകൾ, ബൈക്കുകൾ... ഇങ്ങനെ രാഷ്ട്രീയത്തിന് അപ്പുറത്ത് ഇഷ്ടപ്പെട്ടതിനൊപ്പം സഞ്ചരിക്കുന്ന ക്രേസി ബിസിനസുകാരൻ കൂടിയാണ് രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിലെ ഏക ഫെറാറി ഡിനോ, ഫെറാറി 355 എഫ് 1 സ്‌പൈഡർ, ഈ50 ബിഎംഡബ്ല്യൂ എം5, ഹമ്മർ എച്ച്2... രാജീവിന്റെ ബംഗളൂരുവിലെ വീടിനോട് ചേർന്നു കിടക്കുന്ന ഗ്യാരേജിൽ ഇഷ്ടവാഹനങ്ങളുടെ ഇരമ്പമാണ്.
വാഹനത്തിൽ മാത്രമല്ല, കാർ റേസിങ്ങിലും അടങ്ങാത്ത കമ്പമുണ്ട് ഇദ്ദേഹത്തിന്. ഷുമാക്കറിന്റെയും അയര്‍ട്ടന്‍ സെന്നയുടെയും ആരാധകനാണ്. ഷുമാക്കറുടെ കാറിന്റെ എഞ്ചിനോയിൽ വരെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട് ഇദ്ദേഹം. അതിനു പിറമേ, ഷുമാക്കറുടെയും സനയുടെയും ഹെൽമറ്റ്, ഷൂ, ഗ്ലൗസ്, വസ്ത്രങ്ങൾ എന്നിവയെല്ലാം രാജീവിന്റെ ശേഖരത്തിലുണ്ട്. ഇതിനു പുറമേയാണ് സംഗീതത്തോടുള്ള അഭിനിവേശം. വിഖ്യാത ഗായകർ ഒപ്പിട്ടു നൽകിയ സംഗീതോപകരണങ്ങളുടെ വലിയ ശേഖരം തന്നെ ഇദ്ദേഹത്തിന്റെ ഓഫീസിലുണ്ട്.