ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജിയും; കമ്പനിക്ക് കൂടുതൽ പ്രതിസന്ധി
ഓഹരി ഉടമകളുമായി ബന്ധപ്പെട്ട് നിയമ പോരാട്ടങ്ങൾ നടന്നുവരുന്നതിനിടെയാണ് മുതിര്‍ന്ന ജീവനക്കാരുടെ രാജിയും വരുന്നത്
മുംബൈ: കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹൻദാസ് പൈയും രാജി പ്രഖ്യാപിച്ചു.
ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ഓഹരി ഉടമകളുമായി ബന്ധപ്പെട്ട് ബൈജൂസ് നിയമ പോരാട്ടങ്ങൾ നടത്തുന്നതിനിടെയാണ് മുതിര്‍ന്ന ജീവനക്കാരുടെ രാജിയും വരുന്നത്. കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം.
രജനീഷ് കുമാറും മോഹൻദാസ് പൈയും കഴിഞ്ഞ വർഷം വിലമതിക്കാനാകാത്ത പിന്തുണയാണ് നൽകിയതെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ വ്യക്തമാക്കി. രജനീഷ് കുമാർ എസ്ബിഐയുടെ മുൻ ചെയർമാനും മോഹൻദാസ് പൈ ഇൻഫോസിസിന്റെ മുൻ ഫിനാൻഷ്യൽ ഓഫീസറുമായിരുന്നു. അതേസമയം ഏത് ഉപദേശത്തിനും എപ്പോഴും തങ്ങളെ ബന്ധപ്പെടാമെന്നും ഇരുവരും വ്യക്തമാക്കി. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എഡ്ടെക് സ്ഥാപനമായ ബൈജൂസ് കടന്നുപോകുന്നത്.
ശമ്പളം നൽകാൻ പോലും പണമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. നിരവധി ജോലിക്കാരെ പറഞ്ഞയക്കുകയും ചെയ്തു. നിക്ഷേപകരിൽ ചിലരുടെ ബുദ്ധിശൂന്യമായ നിലപാടാണ് ശമ്പളം നൽകാനായി സ്വരൂപിച്ച പണം പോലും ചെലവഴിക്കാനാകാത്തതെന്ന് സ്ഥാപകനായ ബൈജു രവീന്ദ്രൻ ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.
2011ൽ ആരംഭിച്ച ബൈജൂസ്, 2022ൽ 22 ബില്യൺ ഡോളറിൻ്റെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി മാറിയിരുന്നു. ബൈജൂസ് ലേണിംഗ് ആപ്പ്, വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ മാറ്റി. പ്രൈമറി സ്‌കൂൾ മുതൽ എം.ബി.എ വരെയുള്ള വിദ്യാർത്ഥികളെ സഹായിച്ചു. എന്നാൽ സമീപകാലത്തെ സാമ്പത്തിക റിപ്പോർട്ടുകളും പ്രശ്നങ്ങളും കമ്പനിയെ സാരമായി ബാധിച്ചു. ഇപ്പോള്‍ തകര്‍ന്ന നിലയിലുള്ള കമ്പനിക്ക് തിരിച്ചുവരാനാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.