'ഈ നിമിഷം അഫ്ഗാനിലെ പെൺകുട്ടികളെ ഞാൻ ഓർക്കുന്നു'; അക്കാദമിക് മികവിന് ഇന്ത്യയിൽനിന്ന് സ്വർണമെഡൽ നേടിയ റസിയ മുറാദി

''സ്ഫോടനങ്ങളെയും ആക്രമണങ്ങളെയും കുറിച്ച് ഞാൻ കേട്ടുകൊണ്ടിരുന്നു. എനിക്ക് കഴിയുമ്പോഴെല്ലാം എന്റെ കുടുംബത്തെ കുറിച്ചറിയാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ അഫ്ഗാനിസ്ഥാനിലെ ഇന്റർനെറ്റ് സേവനത്തിന്റെ പോരായ്മകള്‍ ബുദ്ധിമുട്ടുണ്ടാക്കി''

Update: 2023-03-10 06:49 GMT
Editor : afsal137 | By : Web Desk
Advertising

മുംബൈ: അക്കാദമിക് പ്രകടനത്തിലെ മികവിന് ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്തിൽനിന്ന് സ്വർണ മെഡൽ ഏറ്റുവാങ്ങി അഫ്ഗാൻ വനിത റസിയ മുറാദ്. ഈ നിമിഷം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടികളെ താൻ ഓർക്കുന്നുവെന്ന് റസിയ മുറാദ് പറഞ്ഞു. 27കാരിയായ റസിയ മുറാദി രണ്ട് വർഷമായി ഇന്ത്യയിൽ പഠിക്കുകയാണ്. ഗുജറാത്തിലെ സർവകലാശാലയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മികച്ച ഗ്രേഡോടു കൂടി ബിരുദാനന്തര ബിരുദം നേടിയതാണ് റസിയയെ അവാർഡിന് അർഹയാക്കിയത്.

പബ്ലിക് അഡ്മിനിസ്ട്രേഷനിൽ റസിയ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ശരാശരി 8.60 നേടിയിട്ടുണ്ട്. സർവകലാശാലയിലെ ഏറ്റവും ഉയർന്ന ഗ്രോഡ് പോയിന്റാണിത്. 'അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലേക്ക് നടന്നടുത്തപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും തോന്നി. ഇതൊരു കയ്‌പേറിയ നിമിഷമായിരുന്നു. എന്റെ കഠിനാധ്വാനത്തിന് ഫലമുണ്ടായതിൽ ഞാൻ സന്തോഷിക്കുന്നു. പക്ഷേ എനിക്ക് എന്റെ കുടുംബത്തെ നഷ്ടമായി'- റസിയ മുറാദി പറഞ്ഞു. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിനിൽ വീണ്ടും അധികാരത്തിൽ വന്നതിനു പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾ പാടെ നിഷേധിക്കപ്പെട്ടു. സെക്കൻഡറി സ്‌കൂളുകളിലും സർവ്വകലാശാലകളിലും വിദ്യാർത്ഥിനികളെ താലിബാൻ വിലക്കി.

2021 ഫെബ്രുവരിയിലാണ് റസിയ മുറാദി ഇന്ത്യയിലെത്തിയത്. ഉന്നതവിദ്യാഭ്യാസത്തിന് കൂടുതൽ സാധ്യതകളുള്ളതിനാലും അഫ്ഗാനിസ്ഥാനുമായി സാംസ്‌കാരിക സമാനതകളുള്ളതിനാലും റസിയ പഠനത്തിനായി ഇന്ത്യയെ തെരഞ്ഞെടുത്തു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് നൽകുന്ന സ്‌കോളർഷിപ്പ് ലഭിച്ച റസിയ ഗുജറാത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദത്തിന് ചേരുകയായിരുന്നു.

'ഞാൻ വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്തതിന് കാരണം ധാരാളം അഫ്ഗാൻ വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്. അവർക്ക് കോളേജിനെക്കുറിച്ച് നല്ല കാര്യങ്ങളാണ് പറയാനുള്ളത്'- റസിയ മുറാദി കൂട്ടിച്ചേർത്തു.


ഭരണത്തിലും നയരൂപീകരണത്തിലും താൽപര്യമുള്ളതിനാലാണ് റസിയ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിഷയമായി തെരഞ്ഞെടുത്തത്. പൊതുജനക്ഷേമം മുൻനിർത്തി അഫ്ഗാനിസ്ഥാന്റെ സർക്കാർ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാൻ താൻ പൊരുതുമെന്നും റസിയ മുറാദി പറഞ്ഞു.

അഫ്ഗാനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നത് തനിക്ക് ബഹുമതിയാണെന്നും റസിയ കൂട്ടിച്ചേർത്തു. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ലെന്നാണ് റസിയ പറയുന്നത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നപ്പോഴും കുടുംബത്തിന്റെ സുരക്ഷയിൽ റസിയ ആശങ്കപ്പെട്ടിരുന്നു. സംഘർഷമേഖലയിൽ, എല്ലാവരും അപകടത്തിലാണ്. സ്ഫോടനങ്ങളെയും ആക്രമണങ്ങളെയും കുറിച്ച് ഞാൻ കേട്ടുകൊണ്ടിരുന്നു. എനിക്ക് കഴിയുമ്പോഴെല്ലാം എന്റെ കുടുംബത്തെ കുറിച്ചറിയാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ അഫ്ഗാനിസ്ഥാനിലെ ഇന്റർനെറ്റ് സേവനത്തിന്റെ പോരായ്മകള്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്നും റസിയ പറഞ്ഞു.

'അവർ എനിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. എന്റെ പഠനത്തിൽ മികവ് പുലർത്തുന്നത് അവർക്ക് വേണ്ടി ഞാൻ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യമാണ്, കഴിഞ്ഞ രണ്ട് വർഷമായി എനിക്ക് കുടുംബത്തെ കാണാൻ സാധിച്ചിട്ടില്ല. എന്റെ രാജ്യത്ത് മോശം സാഹചര്യമായതിനാൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും തിരികെ പോകുന്നില്ല. അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ എനിക്ക് ശോഭനമായ ഭാവിയില്ല. ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു, വികസനവും പുനരധിവാസവുമായി ബന്ധപ്പെട്ട പദ്ധതികളും നിർത്തി. പുരോഗതിക്ക് പകരം രാജ്യം പിന്നോട്ട് പോവുകയാണ്. ആളുകൾ നിശബ്ദരായിരിക്കണമെന്ന് താലിബാൻ ആഗ്രഹിക്കുന്നു''- റസിയ മുറാദി കൂട്ടിച്ചേർത്തു.

ഇപ്പോൾ അതേ കോളേജിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ് റസിയ മുറാദി. കുടുംബവും സമൂഹവും എപ്പോഴും തന്റെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകിയിരുന്നു. അവർ കാരണമാണ് സമൂഹത്തിൽ സജീവയായ സ്ത്രീയാകാൻ കഴിഞ്ഞത്. എല്ലാ നേട്ടങ്ങൾക്കും താൻ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും റസിയ മുറാദി കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News