നാണ്യപ്പെരുപ്പം; റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്
2018ന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്.
Update: 2022-05-04 09:44 GMT
ന്യൂ ഡല്‍ഹി: റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. അടിസ്ഥാന വായ്പാ നിരക്ക് നാലിൽ നിന്നും 4.40 ശതമാനമായാണ് ഉയർത്തിയത്. 2018ന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്.
നാണ്യപ്പെരുപ്പം കൂടിയത് കണക്കിലെടുത്താണ് മോണെറ്ററി പോളിസി സമിതിയുടെ തീരുമാനമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വർധന. പുതുക്കിയ നിരക്കുകൾ ഉടനെ പ്രാബല്യത്തിൽ വരുമെന്ന് ഗവർണർ അറിയിച്ചു. റഷ്യ - യുക്രൈൻ സംഘർഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.