'36 മണിക്കൂർ പരിപാടിക്ക് ചെലവ് 38 ലക്ഷം രൂപ'; ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

2020 ഫെബ്രുവരി 24, 25 തിയ്യതികളിലാണ് ട്രംപ് ഇന്ത്യയിൽ സന്ദർശനത്തിനെത്തിയത്. അദ്ദേഹത്തിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മകളുടെ ഭർത്താവ് ജാരെദ് കുഷ്‌നെർ അടക്കമുള്ളവരും നിരവധി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

Update: 2022-08-18 09:42 GMT
Advertising

ന്യൂഡൽഹി: യുഎസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ചെലവ് വിവരങ്ങൾ പുറത്ത്. 2020ൽ ട്രംപ് ഇന്ത്യയിലെത്തിയപ്പോൾ 36 മണിക്കൂർ നേരത്തെ സന്ദർശനത്തിനായി 38 ലക്ഷം രൂപ ചെലവായെന്ന് വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകൾ പറയുന്നു.

2020 ഫെബ്രുവരി 24, 25 തിയ്യതികളിലാണ് ട്രംപ് ഇന്ത്യയിൽ സന്ദർശനത്തിനെത്തിയത്. അദ്ദേഹത്തിനൊപ്പം ഭാര്യ മെലാനിയ, മകൾ ഇവാങ്ക, മകളുടെ ഭർത്താവ് ജാരെദ് കുഷ്‌നെർ അടക്കമുള്ളവരും നിരവധി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. ന്യൂഡൽഹിക്ക് പുറമെ അഹമ്മദാബാദ്, ആഗ്ര എന്നിവിടങ്ങളിലും ഇവർ സന്ദർശനം നടത്തിയിരുന്നു.

ഫെബ്രുവരി 24ന് അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 'നമസ്‌തേ ട്രംപ്' എന്ന പൊതുപരിപാടിയിലും 22 കിലോ മീറ്റർ നീണ്ട റോഡ് ഷോയിലും ട്രംപ് പങ്കെടുത്തിരുന്നു. അന്നു തന്നെ താജ്മഹൽ സന്ദർശിക്കാനായി അദ്ദേഹം ആഗ്രയിലുമെത്തി. 25നാണ് ഉഭയകക്ഷി ചർച്ചകൾക്കായി അദ്ദേഹം ഡൽഹിയിലെത്തിയത്.

മിഷാൽ ഭത്തേന എന്ന വ്യക്തിയാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ചെലവ് സംബന്ധിച്ച കണക്കുകൾക്കായി വിവരാവകാശ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. 2020 ഒക്ടോബർ 24ന് അപേക്ഷ നൽകിയെങ്കിലും വിവരങ്ങൾ നൽകാൻ വിദേശകാര്യമന്ത്രാലയം തയ്യാറായില്ല. തുടർന്നാണ് ഇയാൾ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ആഗസ്റ്റ് നാലിനാണ് വിദേശകാര്യ മന്ത്രാലയം വിവരാവകാശ കമ്മീഷന് കണക്കുകൾ കൈമാറിയത്. കോവിഡ് മൂലമാണ് വിവരങ്ങൾ നൽകാൻ വൈകിയതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News