''പാനമ റിപ്പോര്‍ട്ടിനു പിറകെ നിക്ഷേപം പിന്‍വലിക്കാന്‍ സച്ചിന്‍ ആവശ്യപ്പെട്ടു; പിന്നാലെ കമ്പനി പിരിച്ചുവിട്ടു''; പാന്‍ഡോറ പേപ്പേഴ്സില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
സച്ചിന്റെ ഭാര്യ അഞ്ജലി ടെന്‍ഡുല്‍ക്കര്‍, ഭാര്യാ പിതാവ് ആനന്ദ് മേത്ത തുടങ്ങിയവരുടെ പേരിലും നിക്ഷേപമുണ്ട്
പാന്‍ഡോറ രേഖകളില്‍ ഇടംപിടിച്ച് പ്രമുഖ ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭാ അംഗവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും കുടുംബാംഗങ്ങളും. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലെ (ബിവിഐ) 2016ല്‍ ലിക്വിഡേറ്റ് ചെയ്ത ഓഫ്ഷോര്‍ സ്ഥാപനത്തിന്റെ ബെനിഫിഷ്യല്‍ ഓണര്‍മാര്‍ എന്ന നിലയിലാണ് ഇവര്‍ രേഖകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പാനമ വെളിപ്പെടത്തലിനെത്തുടര്‍ന്നാണ് ഈ കമ്പനി പ്രവര്‍ത്തനം അവസാനിച്ചത്.
സച്ചിന്‍, ഭാര്യ അഞ്ജലി ടെന്‍ഡുല്‍ക്കര്‍, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവരെ ബിവിഐ കേന്ദ്രമായ കമ്പനിയായ സാസ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബെനിഫിഷ്യല്‍ ഓണര്‍മാരായും ഡയരക്ടര്‍മാരായും പാന്‍ഡോറ രേഖകളില്‍ പരാമര്‍ശിച്ചിരിക്കുന്നു. പാനമ നിയമസ്ഥാപനമായ അല്‍കോഗലില്‍ നിന്നുള്ള രേഖകളുടെ ഭാഗമാണ് ഈ ഡേറ്റ.
പാന്‍ഡോറ രേഖകളിലെ സാസിന്റെ ആദ്യ പരാമര്‍ശം 2007 മുതലുള്ളതാണ്. 2016 ജൂലൈയില്‍ കമ്പനി ലിക്വിഡേറ്റ് ചെയ്ത സമയം മുതല്‍ ഏറ്റവും വിശദമായ രേഖകള്‍ ലഭ്യമാണ്. കമ്പനി ഉടമകള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ വിവരങ്ങളും ഇക്കൂട്ടത്തിലുണ്ട്. കമ്പനി പാപ്പരാകുമ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പ് ആസ്തികള്‍ അവകാശികള്‍ക്കു വിതരണം ചെയ്യുന്നതിനെയാണ് ലിക്വിഡേഷന്‍ എന്നു പറയുന്നത്. കമ്പനിയുടെ ലിക്വിഡേഷന്‍ സമയത്ത്, ലിസ്റ്റ് ചെയ്ത മൂല്യം അനുസരിച്ച് ഓഹരി ഉടമകള്‍ ഓഹരികള്‍ തിരികെ വാങ്ങി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (9 ഓഹരി) 56,702 ഡോളറും അഞ്ജലി ടെണ്ടുല്‍ക്കര്‍ (14 ഓഹരി) 1,375,714 ഡോളറും ആനന്ദ് മേത്ത (5 ഓഹരി) 453,082 ഡോളറുമാണ് തിരികെ വാങ്ങിയത്.
2016ല്‍ പാനമ പേപ്പേഴ്സ് പുറത്തുവന്നപ്പോള്‍ തന്നെ സ്വന്തം നിക്ഷേപം പിന്‍വലിക്കാന്‍ സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മൂന്നു മാസങ്ങള്‍ക്കുശേഷം കമ്പനി പിരിച്ചുവിടുകയും ചെയ്തു.നികുതി വെട്ടിക്കാനും സ്വത്തുവിവരങ്ങള്‍ മറച്ചുവയ്ക്കാനുമായി നികുതി ഇളവുള്ള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപം നടത്തിയവരുടെ പട്ടികയാണ് പുറത്തുവന്നിട്ടുള്ളത്.
സച്ചിന് പുറമെ അടുത്തിടെ പാപ്പരായി പ്രഖ്യാപിച്ച ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനി, ഇന്ത്യയില്‍ നിന്നും കടന്ന രത്നവ്യാപാരി നീരവ് മോദിയുടെ സഹോദരി, ബയോകോണ്‍ പ്രമോട്ടര്‍ കിരണ്‍ മസുംദാര്‍ ഷായുടെ ഭര്‍ത്താവ് എന്നിവരുടേയും പേരുകള്‍ പേപ്പറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ കേസുകളില്‍ പാപ്പര്‍ ഹരജി നല്‍കിയ അനില്‍ അംബാനിക്ക് 18 രഹസ്യബാങ്കുകളിലായി വന്‍ നിക്ഷേപമുണ്ട്. വിവാദ വജ്രവ്യാപാരി നീരവ് മോദി ഇന്ത്യയില്‍ നിന്ന് കടക്കുന്നതിന്റെ തൊട്ടുമുന്പ് സഹോദരിയുടെ പേരില്‍ വലിയ കള്ളപ്പണനിക്ഷേപം നടത്തിയതായും കണ്ടെത്തി. 117 രാജ്യങ്ങളില്‍ നിന്നുള്ള 600 മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് പാന്‍ഡോറ പേപ്പേഴ്‌സ്. ലോക രാജ്യങ്ങളിലെ 14 കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നായി ഇവ ചോര്‍ത്തിയതായാണ് വിവരം.