നിയമവാഴ്ചയിൽ ‘ബുൾഡോസർ നീതി' അംഗീകരിക്കാനാവില്ല, പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല; സുപ്രിം കോടതി
പൗരന്റെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിലും പൊളിക്കുന്നതിലും ആറ് നടപടികൾ ക്രമങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവിട്ടു
ന്യൂഡൽഹി: യുപിയിലടക്കം നടക്കുന്ന ബുൾഡോസർ രാജിനെതിരെയുള്ള ചരിത്രവിധി പറഞ്ഞാണ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നത്. സ്വത്ത് നശിപ്പിക്കുമെന്ന ഭീഷണിയിലൂടെ പൗരന്മാരെ നിശബ്ദമാക്കി അടിച്ചമർത്താൻ കഴിയില്ലെന്നും നിയമവാഴ്ച ഭരിക്കുന്ന ഒരു സമൂഹത്തിൽ ‘ബുൾഡോസർ നീതി’ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര അടങ്ങുന്ന ബെഞ്ചിന്റെ വിധി.
മതം നോക്കി സാധാരണക്കാരുടെ വീടുകളും സ്വത്തുക്കളും ബുൾഡോസർ രാജിലൂടെ പൊളിച്ചടുക്കുന്നതിനെയാണ് ആ വിധി ‘തകർത്തത്’. സർക്കാരിനെ വിമർശിക്കുന്നവരുടെയും രാഷ്ട്രിയ എതിരാളികളുടെയും വീടുകൾ വ്യാപകമായി തകർത്ത യുപി, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, അസം സർക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും ഭരണകൂടഭീകരത ചോദ്യം ചെയ്യുന്നതായിരുന്നു ഉത്തരവ്. ബിജെപി നേതാവ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരാണ് ബുൾഡോസർ രാജിന് തുടക്കം കുറിച്ചത്.
2019-ൽ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിൽ ഒരു വീട് തകർത്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു സുപ്രിംകോടതി വിധി പറഞ്ഞത്. മാധ്യമപ്രവർത്തകനായ മനോജ് ടിബ്രേവാൾ ആകാശിന്റെ വീട് യാതൊരു അറിയിപ്പോ നടപടിക്രമങ്ങളോ നഷ്ടപരിഹാരമോ നൽകാതെ പൊളിച്ചുവെന്നതായിരുന്നു കേസ്.
പൗരന്റെ വീടിന് സുരക്ഷയും സംരക്ഷണം ലഭിക്കുക എന്നത് മൗലികാവകാശങ്ങമാണെന്ന് സർക്കാരിനെ ഓർമ്മിപ്പിച്ചു. അനധികൃത കൈയേറ്റങ്ങൾക്കും നിർമ്മാണങ്ങൾക്കുമെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് നടപടിക്രമങ്ങൾ പാലിക്കാനും ഉറപ്പാക്കാനും സംസ്ഥാനത്തിന് ഉത്തരവാദിത്തമുണ്ട്. ബുൾഡോസറുകളിലൂടെയുള്ള നീതി ഒരു പരിഷ്കൃത നിയമവ്യവസ്ഥയ്ക്ക് അജ്ഞാതമാണ്. നിയമവിരുദ്ധമായ രീതികളിലൂടെ ഭരണകൂടമോ ഉദ്യോഗസ്ഥനോ പൗരന്മാരുടെ സ്വത്തുക്കൾ പൊളിക്കുന്നത് അനുവദിക്കുന്നത് പൗരന്മാർക്ക് നേരെ അന്യായ പ്രതികാരത്തിന് ഇടയാക്കും. സ്വത്തുക്കളും പുരയിടങ്ങളും നശിപ്പിക്കുമെന്ന ഭീഷണികൊണ്ട് പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനാവില്ല. ഒരു മനുഷ്യന്റെ ആത്യന്തികമായ സുരക്ഷ അവരുടെ വീട്ടുവളപ്പിലാണ്. ‘ബുൾഡോസർ ജസ്റ്റിസ്' എന്നത് അസ്വീകാര്യമാണ്. അതിന് പിന്നിലെ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമവാഴ്ചയ്ക്ക് കീഴിൽ ബുൾഡോസർ നീതി അസ്വീകാര്യമാണ്. അത് അനുവദിക്കുകയാണെങ്കിൽ, ആർട്ടിക്കിൾ 300 എ പ്രകാരം സ്വത്തവകാശത്തിനുള്ള ഭരണഘടനാപരമായ സംരക്ഷണമെന്നത് ചരമക്കുറിപ്പായി ഒതുങ്ങുമെന്നും വിധിയിൽ വ്യക്തമാക്കി.
പൗരന്റെ സ്വത്തുക്കൾക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങൾ വിശദീകരിക്കുകയും ചെയ്തു. ‘അനധികൃത കൈയേറ്റങ്ങളോ നിയമവിരുദ്ധമായി നിർമ്മിച്ച ഘടനകളോ നീക്കം ചെയ്യുന്നതിന് മുമ്പ് സംസ്ഥാനം നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കണം. ഏത് പൊളിക്കലിനും മുമ്പ് ശരിയായ സർവേകൾ, രേഖാമൂലമുള്ള അറിയിപ്പുകൾ, അപ്പീലുകൾ തുടങ്ങിയവ പരിശോധിക്കണമെന്നും കോടതി വിധിച്ചു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർ അച്ചടക്ക നടപടിയും ക്രിമിനൽ നടപടികളെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആറ് നടപടികൾ ക്രമങ്ങൾ പാലിക്കണമെന്ന് കോടതി
പൗരന്റെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിലും പൊളിക്കുന്നതിലും ആറ് നടപടികൾ ക്രമങ്ങൾ പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു.
1 അധികാരികൾ ആദ്യം നിലവിലുള്ള ഭൂരേഖകളും മാപ്പുകളും പരിശോധിക്കണം
2 കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനുള്ള ശരിയായ സർവേകൾ നടത്തണം
3 കയ്യേറ്റക്കാരെന്ന് ആരോപിക്കപ്പെടുന്നവർക്ക് രേഖാമൂലം നോട്ടീസ് നൽകണം
4 എതിർപ്പുകൾ (objection) പരിഗണിക്കണം
5 കയ്യേറ്റം സ്ഥിരീകരിച്ചാൽ സ്വയം ഒഴിയാൻ ന്യായമായ സമയം അനുവദിക്കണം
6 ആവശ്യമെങ്കിൽ അധിക ഭൂമി നിയമപരമായ നടപടികൾ പൂർത്തിയാക്കി ഏറ്റെടുക്കാം.
ബുൾഡോസർ രാജിൽ കനത്തനടപടി
കോടതി വിധിക്ക് കാരണമായ 2019-ൽ ഉത്തർപ്രദേശിലെ വീട് പൊളിക്കലിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) നടത്തിയ അന്വേഷണത്തിൽ സർക്കാർ ഒത്താശയോടെ ഉദ്യോഗസ്ഥർ നടത്തിയ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. മാധ്യമപ്രവർത്തകനായ മനോജ് ടിബ്രേവാൾ ആകാശിന്റെ വീട് ആണ് തകർത്തത്. റോഡ് നിർമാണ പദ്ധതിയിൽ 185 കോടി രൂപയുടെ ക്രമക്കേട് നടന്നതിനെ കുറിച്ച് എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടതിനുള്ള പ്രതികാരമായാണ് വീട് പൊളിച്ചതെന്ന് ടിബ്രേവാൾ ആരോപിച്ചു.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) നടത്തിയ അന്വേഷണത്തിൽ 3.70 മീറ്റർ സർക്കാർ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാൽ രേഖാമൂലമുള്ള അറിയിപ്പൊന്നും നൽകാതെ അധികാരികൾ 5 മുതൽ 8 മീറ്റർ വരെ പൊളിച്ചുവെന്നും കണ്ടെത്തി. പൊളിക്കൽ നടപടിക്ക് മുമ്പായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഘോഷയാത്ര നടത്തി. ഉദ്യോഗസ്ഥരുടെ പ്രതികാരനടപടികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിയമവിരുദ്ധമായ നടപടി സ്വീകരിക്കുകയോ അനുവദിക്കുകയോ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയെടുക്കാനും ഹരജിക്കാരന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. നോട്ടീസ് നൽകാതെയോ രേഖകളൊന്നും ഹാജരാക്കാതെയോ വീട് പൊളിച്ചതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ അച്ചടക്കനടപടികൾ ആരംഭിക്കാനും ക്രിമിനൽ കേസെടുക്കാനും യുപി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മതിയായ അറിയിപ്പ് കൂടാതെ നടത്തിയ സമാന പൊളിക്കലുകളും ചീഫ് സെക്രട്ടറി അന്വേഷിക്കണം. കൂടാതെ എൻഎച്ച്ആർസി നിർദ്ദേശിച്ച പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും സിബി-സിഐഡി അന്വേഷിക്കുകയും വേണം.ഉത്തരവ് ചീഫ് സെക്രട്ടറി ഒരു മാസത്തിനകം നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
കോടതിയുടെ മാർഗനിർദേശങ്ങളുടെ പകർപ്പുകൾ അടിയന്തരമായി നടപ്പാക്കാൻ എല്ലാ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് അയക്കണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം, നിയമവിരുദ്ധമായ കൈയേറ്റങ്ങളെ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമ നടപടികളും മുൻകരുതലുകളും പാലിച്ചുവേണം കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാവു എന്നും നിർദേശിച്ചു.
സമീപകാലയളവിൽ പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർ,ന്യൂനപക്ഷങ്ങൾ, സർക്കാർ വിമർശകർ എന്നിവരുടെ സ്വത്തുക്കൾക്ക് നേരെ ബുൾഡോസർ രാജ് നടപ്പാക്കിയത് വ്യാപക വിമർശത്തിനും നിയമനടപടികൾക്കും ഇടയാക്കിയിരുന്നു.