രോഗം മാറാൻ നരബലി, ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ
മന്ത്രവാദിയുടെ നിർദേശ പ്രകാരം കുഞ്ഞിനെ വെള്ളം നിറച്ച വീപ്പയിൽ മുക്കിക്കൊല്ലുകയായിരുന്നു
തമിഴ്‌നാട്ടിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ മല്ലിപ്പട്ടണം ജില്ലയിലാണ് സംഭവം. ശർമിള ബീഗം (48) ഭർത്താവ് മല്ലിപ്പട്ടണം സ്വദേശി അസറുദ്ദീൻ (50) പുതുക്കോട്ടസ്വദേശി മുഹമ്മദ് സലീം എന്നിവരാണ് അറസ്റ്റിലായത്. കുടുംബത്തിലെ പ്രശ്‌നപരിഹാരത്തിന് വേണ്ടിയാണ് ബന്ധുകൂടിയായ ശർമിള കൊലപാതകം നടത്തിയത്. ഭർത്താവിന്റെ രോഗം മാറാൻ മന്ത്രവാദിയായ സലീമിന്റെ നിർദേശപ്രകാരം കുഞ്ഞിനെ ബലികൊടുക്കുകയായിരുന്നു.
വ്യാഴാഴ്ച വീട്ടുമുറ്റത്തെ പ്ലാസ്റ്റിക്ക് വീപ്പയിലാണ് ആറ് മാസം പ്രായമായ ഹാജറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിൽ വിവരമറിയിക്കാതെ ശവം സംസ്‌കരിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്.
അയൽവാസികൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ശവം പുറത്തെടുക്കുകയും പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിനെ വെളളത്തിൽ മുക്കി കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തുകയും ചെയ്തു. കൊലപാതകം,തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.