'രോഹിത് വെമുല ദലിതനല്ല, ജീവനൊടുക്കിയത് യഥാര്‍ഥ ജാതി കണ്ടെത്തുമോ എന്ന ഭയത്തില്‍'; കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്
വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവകലാശാലയിൽ പ്രവേശനം നേടിയതെന്നും പൊലീസ് റിപ്പോര്‍ട്ട്
ഹൈദരബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്. റിപ്പോർട്ട് ഇന്ന് തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിക്കും. രോഹിത് പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആളെല്ലെന്നും തന്റെ 'യഥാർത്ഥ ജാതി ഐഡന്റിറ്റി' കണ്ടെത്തുമെന്ന് ഭയന്നാണ് ജീവനൊടുക്കിയതെന്ന് അനുമാനിക്കുന്നതായും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സർവകലാശാലയിൽ പ്രവേശനം നേടിയത്. ഇത് പുറത്ത് വരുമോ എന്ന ഭയത്തിലാണ് ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. താൻ ദലിതനല്ലെന്ന് രോഹിത്തിന് അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞാൽ തന്റെ അക്കാദമിക് ബിരുദങ്ങൾ നഷ്ടപ്പെടുമെന്നും താൻ വിചാരണ ചെയ്യപ്പെടുമെന്നും രോഹിത് നിരന്തരം ഭയപ്പെട്ടിരുന്നുവെന്നും പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. രോഹിതിന്റെ പിതാവ് മണി കുമാര്‍ വഡ്ഡേര സമുദായത്തിൽ പെട്ടയാളാണ്, രാധികയുടെ ദലിത് വ്യക്തിത്വം കണ്ടെത്തിയതിനെ തുടർന്ന് അവരെയും മക്കളെയും ഉപേക്ഷിച്ചു. പഠനത്തേക്കാൾ കാമ്പസിലെ വിദ്യാർഥി രാഷ്ട്രീയ വിഷയങ്ങളിൽ കൂടുതൽ ഇടപെട്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
2016 ജനുവരിയിലാണ് ഗവേഷകവിദ്യാർഥിയായ രോഹിതിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഐപിസി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), എസ്സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ മരണത്തിന് കാരണം രോഹിത് വെമുലയുടെ ജാതിയല്ല എന്ന നിഗമനത്തിലേക്കാണ് പൊലീസ് റിപ്പോർട്ട് ഊന്നൽ നൽകുന്നത്.സ്വന്തമായി നിരവധി പ്രശ്നങ്ങള്‍ ഉള്ളതിനാലും ഭൗതിക കാര്യങ്ങളില്‍ തൃപ്തനല്ലാത്തതിനാലുമാണ് രോഹിത് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
ആത്മഹത്യയിലേക്ക് നയിക്കുന്ന ഏതെങ്കിലും സാഹചര്യമോ, രേഖകളോ ലഭ്യമല്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രോഹിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വെസ് ചാൻസലർ അപ്പാ റാവു, വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി , ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ടവ എ.ബി.വി.പി നേതാക്കൾ എന്നിവരെ വെറുതെ വിടണമെന്നും പൊലീസിന്റെ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. കോടതി കേസ് പരിഗണിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ നേതാക്കളും അറിയിച്ചു.
തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്ന് നാല് മാസത്തിന് ശേഷമാണ് റിപ്പോർട്ട് വരുന്നത്. തെലങ്കാനയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതേസമയം, പൊലീസിന്റെ റിപ്പോർട്ടിനോട് തെലങ്കാന കോൺഗ്രസോ കേന്ദ്ര നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി രോഹിതിന്റെ അമ്മ രാധിക വെമുലയെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു.