സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തിയ പ്രതി 19 വർഷത്തിന് ശേഷം അറസ്റ്റിൽ
2004-ൽ ഡൽഹി പശ്ചിംവിഹാർ മേഖലയിലുള്ള പ്രവീണ എന്ന യുവതിയെ കൊലപ്പെടുത്തിയ ഹരിയാന സ്വദേശി നരേന്ദ്രയാണ് അറസ്റ്റിലായത്.
ന്യൂഡൽഹി: സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി 19 വർഷത്തിന് ശേഷം അറസ്റ്റിൽ. 2004ൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 64-കാരനെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. ഹരിയാനയിലെ പഞ്ചകുള സ്വദേശിയായ നരേന്ദ്രയാണ് പിടിയിലായത്.
ഡൽഹി പശ്ചിംവിഹാർ മേഖലയിലുള്ള യുവതിയെയാണ് ഇയാൾ 2004-ൽ കൊലപ്പെടുത്തിയത്. 2004 ആസ്റ്റ് 27-നാണ് ഒരു ഫ്‌ളാറ്റിൽ യുവതി കൊല്ലപ്പെട്ട വിവരം പൊലീസിന് ലഭിക്കുന്നത്. പ്രവീണ എന്ന് പേരുള്ള 35-കാരിയാണ് മരിച്ചത്.
ഇയാൾ ഫ്‌ളാറ്റിലെത്തിയപ്പോൾ 11-കാരനായ സഹായി ഇവിടെയുണ്ടായിരുന്നു. അറിയുന്ന ആളാണെന്നും കടത്തിവിട്ടോളൂ എന്നുമാണ് യുവതി 11-കാരനോട് പറഞ്ഞത്. തുടർന്ന് സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിലേക്ക് അയച്ചു. കുട്ടി തിരിച്ചെത്തിയപ്പോൾ യുവാവ് ഫ്‌ളാറ്റിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു. അകത്തേക്ക് എത്തിനോക്കിയപ്പോൾ യുവതി കിടപ്പുമുറിയിൽ മരിച്ചുകിടക്കുകയായിരുന്നു.
അന്വേഷണത്തിൽ ഡൽഹി വിഷ്ണു ഗാർഡനിൽ താമസിക്കുന്ന നരേന്ദ്രയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും ഇയാൾ കുടുംബസമേതം മുങ്ങുകയായിരുന്നു.
സംഭവ ദിവസം പ്രവീണയുടെ വീട്ടിലെത്തിയ നരേന്ദ്ര തന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്നാണ് കഴുത്തിൽ വസ്ത്രം ചുറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം നരേന്ദ്ര കുടുംബത്തോടൊപ്പം ആദ്യം ജമ്മു കശ്മീരിലേക്കാണ് പോയത്. അവിടെനിന്ന് ലുധിയാനയിലേക്കും പിന്നീട് മറ്റിടങ്ങളിലും താമസിച്ചുവരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.