കാറിൽ ഉഗ്രവിഷമുള്ള മൂർഖൻ; ഫിനോയിൽ തളിച്ചപ്പോൾ ബോധം പോയി, പാമ്പിന് കൃത്രിമ ശ്വാസം ഉൾപ്പെടെ അടിയന്തര ചികിത്സ
ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജലദുർഗ വനത്തിലേക്ക് തുറന്നുവിട്ടതായും അധികൃതർ അറിയിച്ചു.
ബംഗളൂരു: കർണാടകയിൽ ഫിനോയിൽ തളിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പാമ്പിനെ അടിയന്തര ചികിത്സ നൽകി രക്ഷിച്ചു. കാറിനുള്ളിൽ കണ്ടെത്തിയ ഉഗ്രവിഷമുള്ള മൂർഖനെ പുറത്തുചാടിക്കാനായിരുന്നു നാട്ടുകാർ ഫിനോയിൽ തളിച്ചത്. ഇതിനുപിന്നാലെ അപകടാവസ്ഥയിലായ പാമ്പിനെ കൃത്രിമ ശ്വാസം അടക്കം നൽകിയാണ് രക്ഷിച്ചത്.
കർണാടകയിലെ റായ്ചൂരിലെ ലിംഗസുഗൂർ താലൂക്കിലെ പമനകല്ലൂരിലാണ് സംഭവം. പമനകല്ലൂര്‍ ക്രോസിന് സമീപം നിര്‍ത്തിയിട്ട ഇന്നോവ കാറിനുള്ളിലാണ് ഒരു മൂർഖൻ പാമ്പ് കയറിക്കൂടിയത്. പാമ്പിനെ പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാർ ഫിനോയിൽ തളിച്ചത്. ഇതോടെ പാമ്പിന്റെ ബോധം പോയി.
പാമ്പ് ചത്തെന്നാണ് കരുതിയതെങ്കിലും സംഭവ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ പാമ്പിന്‍റെ വായിലേക്ക് ചെറിയ പൈപ്പ് കടത്തി കൃത്രിമ ശ്വാസം നൽകി. പിന്നീട് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകുകയായിരുന്നു. ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജലദുർഗ വനത്തിലേക്ക് തുറന്നുവിട്ടതായും അധികൃതർ അറിയിച്ചു.