'പശുക്കടത്ത് നടത്തുന്നവരെ കൊന്നുതള്ളൂ, നിങ്ങൾക്ക് ജാമ്യം ഉറപ്പ്'; വൈറലായി ബിജെപി നേതാവിന്‍റെ വീഡിയോ

"ബി.ജെ.പിയുടെ മതഭീകരതക്കും മതഭ്രാന്തിനും ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്? ബി.ജെ.പിയുടെ യഥാർത്ഥ മുഖം രാജ്യമൊട്ടാകെ വെളിപ്പെട്ടിരിക്കുന്നു"

Update: 2022-08-29 06:29 GMT
Editor : banuisahak | By : Web Desk
Advertising

ജയ്പൂർ:  പശുക്കടത്ത് നടത്തിയതിന്‍റെ പേരിൽ ഇതുവരെ അഞ്ചുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് രാജസ്ഥാൻ മുൻ എംഎൽഎ ഗ്യാൻദേവ് അഹൂജ. ഗോവിന്ദ്ഗഢിൽ വർഗീയ ആക്രമണത്തിന് ഇരയായ ആളെ കാണാൻ എത്തിയപ്പോഴായിരുന്നു അഹൂജയുടെ വിവാദ പ്രസ്താവന. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അഹൂജക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 

'ലാൽവണ്ടിയിലായാലും, ബെഹ്‌റോറായാലും ഇതുവരെ അഞ്ച് പേരെയാണ് നമ്മൾ കൊന്നത്. ഇപ്പോഴല്ലേ അവർ ഒരാളെ കൊന്നത്'; അടുത്തിരിക്കുന്ന ഒരാളോട് അഹൂജ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. 2018ൽ രക്‌ബറിന്റെയും 2017ലെ പെഹലു ഖാന്റെയും ആൾക്കൂട്ട കൊലകളാണ് 'ലാൽവണ്ടി- ബെഹ്‌റോർ പരാമർശത്തിലൂടെ അഹൂജ ചൂണ്ടിക്കാട്ടിയത്. പശുക്കടത്ത് ആരോപിച്ച് ഇരുവരെയും ഗോരക്ഷകർ അടിച്ചു കൊല്ലുകയായിരുന്നു. 'ഗോവധത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിങ്ങൾ കൊന്നുകളയൂ, ഞങ്ങൾ നിങ്ങളെ കുറ്റവിമുക്തരാക്കും. ജാമ്യവും ഉറപ്പുനൽകും. ഒരിക്കലും ജയിലിൽ കഴിയേണ്ടി വരില്ല'; അഹൂജ പറഞ്ഞു. 



സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ബീറ്റ് കോൺസ്റ്റബിളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഹൂജക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് അൽവാർ എസ്പി തേജസ്വനി ഗൗതം അറിയിച്ചു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അഹൂജക്കെതിരെ കേസെടുത്തിരിക്കുന്നത്. അഹൂജയുടെ വീഡിയോ ശനിയാഴ്ച രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈറലായത്. ബിജെപിയുടെ മതഭീകരതക്കും മതഭ്രാന്തിനും ഇതിൽപരം എന്ത് തെളിവാണ് വേണ്ടത്? ബി.ജെ.പിയുടെ യഥാർത്ഥ മുഖം രാജ്യമൊട്ടാകെ വെളിപ്പെട്ടിരിക്കുന്നു," എന്ന അടിക്കുറിപ്പോടെയാണ്‌ ദോസത്ര വീഡിയോ പങ്കുവെച്ചത്. 

അതേസമയം, പരാമർശം പിൻവലിക്കാൻ അഹൂജ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും പശുക്കളെ കടത്തുകയും കൊല്ലുകയും ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും അഹൂജ കൂട്ടിച്ചേർത്തു. കൊലപാതകികളെ സംരക്ഷിക്കുമെന്ന പ്രസ്‌താവനയെ കുറിച്ച് ചോദിച്ചപ്പോൾ തന്‍റെ തൊഴിലാളികളെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണെന്നായിരുന്നു അഹൂജയുടെ മറുപടി.  

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News