ബിബിസിയുടെ പ്രചോദനാത്മക വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യാക്കാരി, ആരാണ് പൂജാ ശര്‍മ?

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡല്‍ഹിയില്‍ അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിവരികയാണ് പൂജ

Update: 2024-12-04 09:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: പാരമ്പര്യങ്ങളെയും മാനദണ്ഡങ്ങളെയും തിരുത്തിക്കുറിച്ചുകൊണ്ടാണ് പൂജ ശര്‍മ എന്ന ഡല്‍ഹി സ്വദേശിനി സ്ത്രീകള്‍ അധികം കൈവയ്ക്കാത്ത ഒരു മേഖലയിലേക്ക് കടക്കുന്നത്. സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും ശ്മശാനത്തിലേക്ക് സ്ത്രീകള്‍ പോകാന്‍ മടിച്ചിരുന്ന കാലത്താണ് അന്ത്യകര്‍മങ്ങള്‍ ചെയ്തുകൊണ്ട് പൂജയെത്തുന്നത്. ഇതുവരെ 4000ത്തിലധികം അന്ത്യകര്‍മങ്ങള്‍ ചെയ്തുകഴിഞ്ഞു പൂജ. ഇപ്പോള്‍ ബിബിസി പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പൂജ ശര്‍മ.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡല്‍ഹിയില്‍ അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിവരികയാണ് പൂജ. 1996 ജൂലൈ 7ന് ഡല്‍ഹിയില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് പൂജ ജനിച്ചത്. ആളുകളെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബ്രൈറ്റ് ദി സോൾ ഫൗണ്ടേഷൻ എന്ന എൻജിഒയുടെ സ്ഥാപക കൂടിയാണ് പൂജ. സഹോദരന്‍റെ മരണശേഷമാണ് പൂജ അന്ത്യകര്‍മങ്ങള്‍ ചെയ്തുതുടങ്ങിയത്. സഹോദരന്‍റെ സംസ്‌കാര ചടങ്ങുകള്‍ പൂജക്ക് ഒറ്റയ്ക്ക് നടത്തേണ്ടി വന്നു. ചെറിയൊരു തര്‍ക്കത്തിന്‍റെ പേരില്‍ പൂജയുടെ കണ്‍മുന്നില്‍ വച്ച് സഹോദരന്‍ കൊല്ലപ്പെടുകയായിരുന്നു. ആരും സഹായിക്കാൻ മുന്നോട്ടു വരാത്തതിനെ തുടർന്ന് പൂജ കര്‍മങ്ങള്‍ നടത്തുകയായിരുന്നു.

ഹിന്ദു സംസ്‌കാരത്തില്‍ പരമ്പരാഗതമായി മൃതദേഹം സംസ്‌കരിക്കുന്നത് പുരുഷന്മാരില്‍ നിക്ഷിപ്തമായാണ് കണക്കാക്കി വരുന്നത്. അതുകൊണ്ട് തന്നെ സമുദായത്തില്‍ നിന്ന് വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ പൂജക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഇതൊന്നും പൂജയെ പിന്നോട്ടുവലിച്ചില്ല. ജാതിയും മതവും നോക്കാതെ അന്ത്യകര്‍മങ്ങള്‍ ചെയ്തുകൊണ്ടേയിരുന്നു. സോഷ്യല്‍മീഡിയയില്‍ തന്‍റെ ജോലിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാറുള്ള പൂജക്ക് ഇന്‍സ്റ്റഗ്രാമില്‍ 3.50 ലക്ഷം ഫോളോവേഴ്സുണ്ട്. പരിസ്ഥിതി സംരക്ഷണം, വയസായവരെ സംരക്ഷിക്കല്‍, ഉപേക്ഷിക്കപ്പെട്ട കുട്ടികൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പൂജയുടെ എന്‍ജിഒ പ്രവര്‍ത്തിക്കുന്നുണ്ട്.

പൂജയെക്കൂടാതെ സാമൂഹിക പ്രവര്‍ത്തക അരുണ റോയ്, ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യാക്കാരികള്‍. ഇന്ത്യന്‍ വംശജ സുനിത വില്യംസും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ഹോളിവുഡ് നടി ഷാരോണ്‍ സ്‌റ്റോണ്‍, ബലാത്സംഗത്തെ അതിജീവിച്ച ജിസെലെ പെലിക്കോട്ട്, സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് നാദിയ മുറാദ്, കാലാവസ്ഥാ പ്രവര്‍ത്തക അഡെനികെ ഒലഡോസു എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു പ്രമുഖര്‍.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News