'അതെങ്ങനെ കുറ്റമാകും? ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്'; സിദ്ദീഖ് കാപ്പൻ കേസിൽ ചീഫ് ജസ്റ്റിസ്

ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.

Update: 2022-09-09 13:18 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ഇരയ്ക്ക് നീതി ഉറപ്പാക്കാൻ ശ്രമിച്ചത് എങ്ങനെയാണ് കുറ്റകരമാകുന്നതെന്ന് സിദ്ദീഖ് കാപ്പൻ കേസിൽ സുപ്രിംകോടതി. സിദ്ദീഖ് കാപ്പൻ ഒരു പൊതുശബ്ദം ഉയർത്താനാണ് ശ്രമിച്ചതെന്നും ഹാഥ്‌റസ് സംഭവം പരോക്ഷമായി സൂചിപ്പിച്ച് ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിരീക്ഷണങ്ങൾ.

'ഓരോ വ്യക്തിക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്. ആ ഇരയ്ക്ക് നീതി വേണമെന്ന് പറയാനും ഒരു പൊതുശബ്ദം ഉയർത്താനുമാണ് അദ്ദേഹം ശ്രമിച്ചത്. ഇത് നിയമത്തിന് മുമ്പിൽ കുറ്റകരമാണോ?' - എന്നായിരുന്നു ബഞ്ചിന്റെ ചോദ്യം.

ഹാഥ്‌റസ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം കലാപം ഉണ്ടാക്കാനുള്ള പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കാപ്പനെന്നാണ് യുപി സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി വാദിച്ചത്. 

'2020 സെപ്തംബറിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ യോഗത്തിൽ കാപ്പൻ പങ്കെടുത്തിരുന്നു. നിർണായകമായ സ്ഥലങ്ങളിൽ കലാപമുണ്ടാക്കണമെന്ന് ആ യോഗത്തിൽ തീരുമാനമെടുത്തു. കൂട്ടുപ്രതി ഇത്തരത്തിൽ മൊഴി നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിൽ ഉയർന്ന പദവിയിൽ ഇരിക്കുന്നയാളും അദ്ദേഹവുമാണ് ഗൂഢാലോചന വെളിപ്പെടുത്തിയത്.' - ജഠ്മലാനി പറഞ്ഞു. 

ഈ വേളയിൽ കൂട്ടുപ്രതിയുടെ മൊഴി കാപ്പന് എതിരല്ലല്ലോ എന്നാണ് ചീഫ് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ നിർഭയ കേസിലുണ്ടായിട്ടുണ്ട് എന്നാണ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടിയത്. ചില പ്രതിഷേധങ്ങൾ മാറ്റങ്ങൾ കൊണ്ടുവരാൻ കൂടിയുള്ളതാണ്. നിയമത്തിൽ മാറ്റമുണ്ടായെന്നും നിങ്ങൾക്കറിയാമെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ കോടതി കാപ്പന് ജാമ്യം അനുവദിക്കുകയായിരുന്നു.

ആറാഴ്ച ഡൽഹിയിൽ തങ്ങാൻ കോടതി കാപ്പനോട് നിർദേശിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും ജങ്പുര പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്യും. ആറാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാം. കേരളത്തിലെ ലോക്കൽ പൊലീസ് സ്റ്റേഷനിലും റിപ്പോർട്ടു ചെയ്യണം. പാസ്‌പോർട്ട് കോടതിയിൽ നൽകണമെന്നും കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവർ അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. 2020 ഒക്ടോബറിൽ ഹാഥറസിലേക്കുള്ള യാത്രയ്ക്കിടെയാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. എഴുനൂറിലേറെ ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് കാപ്പൻ ജയിൽ മോചിതനാകുന്നത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News