കൊല്ലം ജില്ല സിപിഐ ജില്ലാ കമ്മിറ്റിയോഗം നാളെ
കൊല്ലം ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യാതാപട്ടിക തയ്യാറാക്കുന്നതിനായി ജില്ലാ കമ്മിറ്റിയോഗം യോഗം നാളെ ചേരും.
കൊല്ലം ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യാതാപട്ടിക തയ്യാറാക്കുന്നതിനായി ജില്ലാ കമ്മിറ്റിയോഗം യോഗം നാളെ ചേരും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. രണ്ട് തവണ പൂര്‍ത്തിയായ എംഎല്‍എമാരെ ഒഴിവാക്കി നിര്‍ത്തണമെന്നായിരിക്കും ഭൂരിപക്ഷാഭിപ്രായം ഉയരുക.
കരുനാഗപ്പള്ളി, ചാത്തന്നൂര്‍, ചടയമംഗലം, പൂനലൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടികയ്ക്കാണ് നാളെ ജില്ലാ കമ്മിറ്റി രൂപം കൊടുക്കുക. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ജില്ലാ കൌണ്‍സിലും ജില്ലാ എക്സിക്യൂട്ടീവും ചേരുന്നത്. രണ്ട് തവണ പൂര്‍ത്തിയാക്കിയ സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍, കെ രാജു എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന് എക്സിക്യൂട്ടീവിലും കൌണ്‍സിലിലും ഭൂരിപക്ഷം അംഗങ്ങളും വാദിച്ചേക്കും. നിലവില്‍ രണ്ട് തവണ പൂര്‍ത്തിയാക്കിയ എംഎല്‍എ മാരാരും വീണ്ടും മത്സരിക്കേണ്ടതിന്റെ അനിവാര്യത ജില്ലയില്‍ നിലനില്‍ക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ മീഡിയാവണ്ണിനോട് പറഞ്ഞു.
മണ്ഡലം കമ്മിറ്റികളില്‍ നിന്ന് വന്ന അഭിപ്രായങ്ങളും സാധ്യതാ പട്ടിക തയ്യാറാക്കുന്നതിന് പരിഗണിക്കും. സി ദിവാകരന് സീറ്റ് നല്‍കണമെന്ന് കരുനാഗപ്പളളി മണ്ഡലം കമ്മിറ്റിയിലെ ഒരുവിഭാഗം ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇവിടെ ഭൂരിപക്ഷം ലഭിച്ചത് ജില്ലാ സെക്രട്ടറി കൂടിയായ ആര്‍ രാമചന്ദ്രനാണ്. ചടയമംഗലത്ത് മുല്ലക്കരയെ മത്സരിപ്പിക്കണമെന്ന് പറഞ്ഞവരും ന്യനപക്ഷമാണ്. ജില്ലാ എക്സിക്യൂട്ടീവ് അംഗം എ മുസതഫയ്ക്കാണ് ഇവിടെ ഭൂരിപക്ഷം. പന്ന്യന്‍ രവീന്ദ്രനുവേണ്ടിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍ ഗോപാലകൃഷ്ണപിള്ളയ്ക്ക് വേണ്ടിയും ചടയമംഗലത്ത് വാദം ഉയര്‍ന്നിട്ടുണ്ട്.
ചാത്തന്നൂരില്‍ ജെ എസ് ജയലാലില്‍ എംഎല്‍എ തന്നെയായിരിക്കും സാധ്യതാ പട്ടികയില്‍ ഒന്നാമതെത്തുക. പുനലൂരിലെ അഭിപ്രായം തേടുന്നതിനായി പുനലൂര്‍ അഞ്ചല്‍ തുടങ്ങിയ മണ്ഡലം കമ്മിറ്റികള്‍ ഇന്ന് ചേരുന്നുണ്ട്.