കലാഭവന്‍ മണിയുടെ മരണം: കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു
കലാഭവന്‍ മണിയുടെ മരണത്തെ തുടര്‍ന്ന് കസ്റ്റഡിയിലായിരുന്ന മൂന്ന് പേരെയും വിട്ടയച്ചു.
കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കസ്റ്റഡിയിലെടുത്ത മൂന്ന് സഹായികളെ പൊലീസ് വിട്ടയച്ചു. അരുണ്‍ ,വിപിന്‍ മുരുകന്‍ എന്നിവരെയാണ് വിട്ടയച്ചത് . ഇവരില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തീര്‍ക്കാന്‍ വിദഗ്ധ മെഡിക്കല്‍ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അരുണും വിപിനും മുരുകനും കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് കസ്റ്റഡിയിലായിരുന്നു. മണി മരിക്കുന്നതിന് മുമ്പ് മണിയുടെ ഔട്ട്ഹൌസ് ആയ പാഡിയില്‍ മണിയുടെ കൂടെയുണ്ടായിരുന്നവരാണ് ഇവര്‍. മണിയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പരിശോധിക്കാനാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഒരാഴ്ചയിലധികമായി അന്വേഷണസംഘം ചോദ്യം ചെയ്തിട്ടും ഇവരില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. എല്ലാദിവസവും സ്റ്റേഷനില്‍ എത്തി ഒപ്പിടണമെന്ന നിബന്ധനോടെയാണ് മൂന്ന് സഹായികളേയും വിട്ടയച്ചത്. അതേസമയം, കലാഭവന്‍മണിയുടെ മരണം അന്വേഷിക്കാന്‍ വിദഗ്ധ മെഡിക്കല്‍സംഘം രൂപീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. രാസപരിശോധനാ വിദഗ്ധരും മണിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരും സംഘത്തില്‍ ഉള്‍പ്പെടും.
മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ അളവ് എത്രയാണെന്ന് കൊച്ചി കാക്കനാട്ടെ ലാബില്‍ നിന്ന് സംഘം ശേഖരിക്കും. കേന്ദ്രലാബിലേക്ക് അയച്ച മണിയുടെ ആന്തരിക അവയവങ്ങളുടേയും രക്തത്തിന്‍റേയും മൂത്രത്തിന്‍റേയും സാമ്പിളുകളുടേയും പരിശോധനാഫലം വന്നതിന് ശേഷം അന്വേഷസംഘം അന്തിമ നിഗമനത്തിലെത്തും.