ചോദ്യപേപ്പര്‍ വിവാദം: ഗൂഢാലോചന അന്വേഷിക്കാന്‍ ശിപാര്‍ശ

Update: 2018-04-06 18:41 GMT
Editor : Sithara
ചോദ്യപേപ്പര്‍ വിവാദം: ഗൂഢാലോചന അന്വേഷിക്കാന്‍ ശിപാര്‍ശ
Advertising

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഗൂഢാലോന അന്വേഷിക്കണമെന്ന് വകുപ്പ് സെക്രട്ടറിയുടെ ശിപാര്‍ശ.

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ചോദ്യം തയ്യാറാക്കിയ അധ്യാപകനും സ്വകാര്യ സ്ഥാപനവും തമ്മിലെ ബന്ധം വിശദമായി അന്വേഷിക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുകയോ അവിടെ പഠിപ്പിക്കുകയോ ചെയ്യുന്ന സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

Full View

പത്താം തരം കണക്ക് പരീക്ഷയിലെ 12 ചോദ്യങ്ങളാണ് മെറിറ്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ ചോദ്യപേപ്പറിനോട് സാമ്യമുണ്ടായിരുന്നത്. പൊതുപരീക്ഷക്ക് എസ് സി ആര്‍ ടിയിലെ ക്വസ്റ്റ്യന്‍ പൂളില്‍ നിന്നാണ് ചോദ്യങ്ങളെടുത്തതെന്ന് ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ പറയുന്നു. എന്നാല്‍ നവംബറില്‍ തയ്യാറാക്കിയ എസ്എസ്എല്‍സിയുടെ ചോദ്യങ്ങള്‍ ഡിസംബറില്‍ തയ്യാറാക്കിയ സ്വകാര്യ സ്ഥാപനത്തിന്‍റെ ചോദ്യപേപ്പറില്‍ വന്നതില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ട്. ഇത് വ്യക്തമാവാന്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ വിവാദത്തില്‍ പൊലീസ് അന്വേഷണത്തിലേക്ക് നീങ്ങുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

സര്‍ക്കാര്‍ അധ്യാപകര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നതും അവിടെ പഠിപ്പിക്കുന്നതും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. കുറ്റമറ്റ രീതിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ പരീക്ഷാ ഭവനും വീഴ്ച പറ്റി. മതിയായ യോഗ്യതയുള്ളവര്‍ ഉണ്ടായിരിക്കെ റിട്ടയേഡ് അധ്യാപകനെ പരീക്ഷാ ചെയര്‍മാനാക്കിയത് തെറ്റാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന രീതി മാറ്റണം. ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ നിലവില്‍ ഒരു മാസം സമയം നല്‍കുന്നത് അവസാനിപ്പിക്കണം. 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ കേന്ദ്രീകൃത സ്വഭാവത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കണം. ചോദ്യങ്ങള്‍ ടെക്സ്റ്റ് ബുക്കിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News