തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ വര്‍ധിപ്പിച്ച ഓണറേറിയം വെട്ടിച്ചുരുക്കി
വര്‍ധനവിനുണ്ടായിരുന്ന മുന്‍കാല പ്രാബല്യത്തിലും കുറവ് വരുത്തിയിട്ടുണ്ട്
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ വര്‍ധിപ്പിച്ച ഓണറേറിയം സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. വര്‍ധനവിനുണ്ടായിരുന്ന മുന്‍കാല പ്രാബല്യത്തിലും കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ മൂന്ന് ഇരട്ടിയിലധികമായിട്ടായിരുന്നു തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ ഓണറേറിയം
വര്‍ധിപ്പിച്ചത്. ധനവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. മുന്‍ സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കാനെടുത്ത തീരുമാനം പ്രതിപാദിക്കാതെയാണ് ഓണറേറിയം സംബന്ധിച്ച ഉത്തരവ് തദ്ദേശ സ്വയം ഭരണ വകുപ്പ് പുറത്തിറക്കിയത്.
2016 ഏപ്രില്‍ മുതല്‍ പ്രാബല്യത്തോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഓണറേറിയം വര്‍ധന പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരുന്നില്ല.ജില്ല പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരുടെ ഓണറേറിയം മുപ്പതിനായിരം രൂപയാക്കിയായിരുന്നു മുന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പുതുക്കിയ ഉത്തരവ് പ്രകാരം ഇത് 15800 രൂപയാക്കി കുറച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റേത് 20000ത്തില്‍ നിന്ന് 13200 ആയും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റേതും മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍റേതും 22000ത്തില്‍ നിന്ന് 14600 ആയി കുറച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന് 10600 രൂപയും ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് 12000വും ഡെപ്യൂട്ടി മേയര്‍ക്ക് 13200 ഉം മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന് 12000 രൂപയുമാണ് പുതിയ ഓണറേറിയം സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന് ഗ്രാമപഞ്ചായത്തില്‍ 8200 രൂപയും ബ്ളോക് പഞ്ചായത്തില്‍ 8800 ഉം ജില്ല പഞ്ചായത്തില്‍ 9400 രൂപയുമാണ് പുതുതായി ലഭിക്കുക. ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ ഹോണറേറിയത്തില്‍ മാറ്റമില്ല. 7000 രൂപയാണ് ഇത്. അംഗങ്ങള്‍ക്ക് ബ്ളോക്കില്‍ 7600 രൂപയും ജില്ല പഞ്ചായത്തില്‍ 8800 ഉം കോര്‍പ്പറേഷനില്‍ 8200ഉം മുന്‍സിപ്പാലിറ്റിയില്‍ 7600രൂപയുമാണ് പുതിയ ഉത്തരവ് പ്രകാരം ലഭിക്കുക.
വികേന്ദ്രീകൃത ആസൂത്രണം ശക്തമായി നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന ഇടത് മുന്നണി അധികാരത്തിലെത്തിയപ്പോള്‍ ഓണറേറിയം വര്‍ധന ഉടന്‍
നടപ്പാക്കുമെന്ന പ്രതീക്ഷിയിലായിരുന്നു തദ്ദേശ അധ്യക്ഷന്‍മാര്‍. അംഗങ്ങളാവട്ടെ മുന്‍ കാല പ്രാബല്യമെന്ന പ്രതീക്ഷയിലും.