മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍: ശ്രീറാം വെങ്കിട്ടരാമന് റവന്യുമന്ത്രിയുടെ അഭിനന്ദനം
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കുന്ന ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍റെ അഭിനന്ദനം.
മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് റവന്യുമന്ത്രിയുടെ പിന്തുണ. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ശ്രീറാമിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. റവന്യുമന്ത്രിയുടെ നടപടിയെ എസ് രാജേന്ദ്രന്‍ എംഎല്‍എ വിമര്‍ശിച്ചു. മന്ത്രി എം എം മണിയുടെ വിമര്‍ശത്തിന് മറുപടിയുമായി സിപിഐ ജില്ലാ നേതൃത്വവും രംഗത്തെത്തി.
കഴിഞ്ഞ ദിവസം ദേവികുളത്തെ കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയില്‍ സിപിഎം നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചതിനിടെയാണ് സബ്കളക്ടര്‍ക്ക് പിന്തുണയുമായി റവന്യുമന്ത്രി എത്തിയത്. ഇന്ന് രാവിലെ സബ്കളക്ടറെ ഫോണില്‍ വിളിച്ച മന്ത്രി ഇ ചന്ദ്രശേഖരന്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിന് സര്‍ക്കാരിന്‍റ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് അറിയിച്ചു. സബ്കളക്ടറുടെ നടപടികളെ അഭിനന്ദിക്കുകയും ചെയ്തു. ഒരു ഉദ്യോഗസ്ഥന് മന്ത്രിയുടെ പിന്തുണ എന്നതിനപ്പുറം രാഷ്ട്രീയ പ്രാധാന്യം റവന്യുമന്ത്രിയുടെ നടപടിക്ക് ഉണ്ട്. ശ്രീറാം വെങ്കിട്ട് രാമന്‍റെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പല്‍ നടപടികളെ സിപിഎം ശക്തമായി എതിര്‍ക്കുന്ന പശ്ചാത്തലമാണ് ഇതിന് കാരണം.
മന്ത്രിയുടെ നടപടി ശരിയായില്ലെന്ന് പറഞ്ഞ എസ് രാജേന്ദ്രന്‍ എംഎല്‍എ സിപിഎമ്മിന്‍റെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചു. സബ് കലക്ടര്‍ പണം നല്‍കി വീഡിയോഗ്രാഫര്‍മാരെ വിളിച്ചുവരുത്തിയതാണോ എന്ന് സംശയമുണ്ട്. മൂന്നാറില്‍ നിന്ന് ദൂരെ ആയതുകൊണ്ടാണ് മന്ത്രിക്ക് കാര്യങ്ങള്‍ അറിയാത്തതെന്നും എംഎല്‍എ പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച മന്ത്രി എം എം മണിക്ക് സിപിഐ ജില്ലാ സെക്രട്ടറി മറുപടി നല്‍കി. മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച സിപിഎം - സിപിഐ തര്‍ക്കം രൂക്ഷമാകുന്നതിന്‍റെ സൂചനയാണ് ഇന്നത്തെ സംഭവവികാസങ്ങള്‍ നല്‍കുന്നത്.