‘വരൂ… പാട്ടും പഴങ്ങളും പങ്കുവയ്ക്കാം’ തൃശൂരില്‍ വിനായകന്‍മാര്‍ ഒത്തുകൂടുന്നു
ശനിയാഴ്ച മുടി നീട്ടിയവരും താടി വളര്‍ത്തിയവരും മുടി വടിച്ചവരും സ്റ്റൈലൈസ് ചെയ്തവരും ട്രാന്‍സ് ജെന്‍ഡേഴ്സും ഒത്തുകൂടും
പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ വിനായകന് വേണ്ടി കേരളത്തിലെ മറ്റ് വിനായകന്‍മാര്‍ സംഘടിക്കുന്നു. കേരളത്തിലെ ഫ്രീക്കന്മാരെ പാടാനും പറയാനും തൃശൂരിലേക്ക് വിളിക്കുന്നത് ഊരാളി ബാന്‍ഡിലെ കലാകാരന്മാരാണ്. ‘വരൂ… പാട്ടും പഴങ്ങളും പങ്കുവെക്കാം’ എന്നാണ് ഫ്രീക്ക്സ് യുനൈറ്റഡ് എന്ന ഹാഷ് ടാഗുള്ള കൂട്ടായ്മയെ പറ്റി ഊരാളി പറയുന്നത്. ശനിയാഴ്ച മൂന്നിന് തൃശൂരില്‍ മുടി നീട്ടിയവരും താടി വളര്‍ത്തിയവരും മുടി വടിച്ചവരും സ്റ്റൈലൈസ് ചെയ്തവരും ട്രാന്‍സ് ജെന്‍ഡേഴ്സും അടക്കം വിനായകിന്റെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരെല്ലാം പാടിപ്പറയാന്‍ ഒത്തു കൂടും. നേരത്തെ ഊരാളി ബാന്‍ഡംഗം മാര്‍ട്ടിന് നേരെ പൊലീസിന്റെ സമാന അതിക്രമമുണ്ടായപ്പോള്‍ കലക്ടറേറ്റിന് മുന്നിലായിരുന്നു പാട്ടുപാടിയുള്ള ഇവരുടെ സാംസ്‌കാരിക പ്രതിഷേധം.
തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകന്‍ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെ പീഡനം താങ്ങാനാവാതെയാണ് വീട്ടില്‍ തിരിച്ചെത്തിയ 19കാരന്‍ തൂങ്ങിമരിച്ചത്. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ച് പറിച്ചും അതിക്രൂരമായി വിനയകനെ പൊലീസ് മര്‍ദ്ദിച്ചതിന് വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് സാക്ഷിയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വിനായകന്റെ മരണം പോലീസ് നടത്തിയ കൊലപാതകമാണെന്നാണ് സോഷ്യല്‍ മീഡിയയിലുള്ള പ്രതിഷേധം. #itsmurder എന്ന പേരില്‍ പൊലീസിനെതിരേ വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.