പ്രളയകാലത്തെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണം: ജില്ലാകലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

നഷ്ടമായ രേഖകള്‍ നല്‍കാനുള്ള നടപടികള്‍ സെപ്തംബര്‍ മൂന്നിനകം തുടങ്ങണം: അടിയന്തര ധനസഹായം ഇന്നുമുതല്‍

Update: 2018-08-28 00:49 GMT
Advertising

പ്രളയം മൂലമുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. നഷ്ടമായ രേഖകള്‍ തിരികെ നല്‍കാനുള്ള നടപടികള്‍ സെപ്റ്റംബര്‍ മൂന്നിനകം തുടങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പതിനായിരം രൂപ അടിയന്തര ധനസഹായം ഇന്ന് മുതല്‍ ലഭ്യമാകും.

മേഖല തിരിച്ച് നാശനഷ്ടങ്ങള്‍ കൃത്യമായും സമയബന്ധിതമായും തിട്ടപ്പെടുത്താനാണ് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. നഷ്ടമായ രേഖകള്‍ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ വീണ്ടെടുക്കുന്ന നടപടികള്‍ സെപ്റ്റംബര്‍ മൂന്നിനകം തുടങ്ങണം. വിലക്കയറ്റം തടയണം. രോഗികളായവര്‍ക്ക് ചികിത്സ നല്‍കണം. കുട്ടികളുള്‍പ്പെടെ ആവശ്യമായവര്‍ക്ക് കൌണ്‍സലിങ്ങും നല്‍കണമെന്ന് മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചു.

3,42,699 പേരാണ് 1,093 ക്യാമ്പുകളിലായി കഴിയുന്നത്. വീടുകള്‍ വൃത്തിയാക്കി വാസയോഗ്യമാകുന്നതോടെ കൂടുതല്‍ പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. വെള്ളമിറങ്ങാത്തിടത്തെ ക്യാമ്പുകള്‍ കുറച്ച് ദിവസംകൂടി തുടരേണ്ടിവരും. ബാങ്ക് അവധി കഴിയുന്നതിനാല്‍ വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പ്രഖ്യാപിച്ച 10000 രൂപ ഇന്ന് ലഭ്യമാകും.

Full View

കിണറുകള്‍ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ട്. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്നു. വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്. ഇനി 56,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുളളത്. മൃഗങ്ങളുടെ ശവശരീരങ്ങള്‍ മറവ് ചെയ്യുന്നത് മിക്കവാറും പൂര്‍ത്തിയായി.

Tags:    

Writer - ഡോ. പി.കെ യാസര്‍ അറഫാത്ത്

contributor

Editor - ഡോ. പി.കെ യാസര്‍ അറഫാത്ത്

contributor

Web Desk - ഡോ. പി.കെ യാസര്‍ അറഫാത്ത്

contributor

Similar News