കേരളത്തിന് രാഷ്ട്രീയഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് സഹായങ്ങൾ നൽകുമെന്ന് രാജ്നാഥ് സിങ്
പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
ബി.ജെ.പി സംസ്ഥാന കൌൺസിൽ യോഗം കൊച്ചിയിൽ ആരംഭിച്ചു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കൌൺസിൽ ഉദ്ഘാടനം ചെയ്തു. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന കൌൺസിൽ കേരളത്തിലെ ബി.ജെ.പിയുടെ പ്രവർത്തനം എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ച് അന്തിമ രൂപം നൽകും. എൻ.ഡി.എ വിപുലീകരണം വിവിധ സമുദായങ്ങളെ ഏകോപ്പിക്കൽ തുടങ്ങി തെരഞ്ഞെടുപ്പിൽ പുറത്തെടുക്കേണ്ട നിലപാടുകൾ സംബന്ധിച്ചും കൗൺസിലിൽ ചർച്ചകൾ നടക്കും. ഇന്നലെ തുടങ്ങിയ ഭാരവാഹി, കോർ കമ്മിറ്റി യോഗങ്ങൾക്ക് ശേഷമാണ് ഇന്ന് സ്റ്റേറ്റ് കൌൺസിൽ ചേരുന്നത്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് രാഷ്ട്രീയഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് സഹായങ്ങൾ നൽകുമെന്ന് കൌൺസിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് രാജ്നാഥ് സിങ് പറഞ്ഞു.
സംസ്ഥാനത്ത് ഇത്തവണ നാല് സമുദായങ്ങളെ കേന്ദ്രീകരിച്ചാണ് ബി. ജെ.പി മുന്നോട്ട് പോകുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എച്ച്. രാജ ,റിച്ചാർഡ് ഹെ എം.പി, ഒ.രാജഗോപാൽ എം.എൽ.എ തുടങ്ങി 1250 പ്രതിനിധികളാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സംസ്ഥാന കൌണ്‍സിലില്‍ പങ്കെടുക്കുന്നത് .