ടി.പി 51 സിനിമയുടെ സംവിധായകന്‍റെ പാസ്പോര്‍ട്ട് തടഞ്ഞുവെച്ചെന്ന് പരാതി
ക്രിമിനല്‍ കേസിലെ പ്രതിയാണ് താനെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെ പാസ്പോര്‍ട്ട് തടഞ്ഞുവെന്നാണ് മൊയ്തുവിന്റെ ആരോപണം
ക്രിമിനല്‍ കേസുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ മൊയ്തു താഴത്തിന്റെ പാസ്പോര്‍ട്ട് പൊലീസ് തടഞ്ഞുവെച്ചതായി പരാതി. പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വെരിഫിക്കേഷന്‍ നടത്തുമ്പോഴാണ് തടഞ്ഞുവെച്ചതെന്നാണ് ആരോപണം.
പാസ്പോര്‍ട്ട് പുതുക്കുന്നതിന് വേണ്ടിയുള്ള പൊലീസ് വെരിഫിക്കേഷന്‍ സമയത്താണ് തന്റെ പേരും സിനിമയും വിവാദമായതെന്ന് ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ ചെയ്ത സംവിധായകന്‍ മൊയ്തു താഴത്ത് പറഞ്ഞു. വളപ്പില്‍ മൊയ്തുവെന്ന സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേരിലായിരുന്നു പാസ്പോര്‍ട്ട്. വെരിഫിക്കേഷന്‍ സമയത്ത് ടി.പിയുടെ സിനിമയെടുത്ത മൊയ്തു താഴത്ത് അല്ലേയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ചോദിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ കള്ളക്കഥയുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് മൊയ്തു പറഞ്ഞു.
ക്രിമിനല്‍ കേസിലെ പ്രതിയാണ് താനെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെ പാസ്പോര്‍ട്ട് തടഞ്ഞുവെന്നാണ് മൊയ്തുവിന്റെ ആരോപണം. പാസ്പോര്‍ട്ട് പുതുക്കി കിട്ടാത്തതോടെ ഗള്‍ഫിലെ ഷോകള്‍ മുടങ്ങി. തനിക്കെതിരെ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മൊയ്തു പറഞ്ഞു.