ആവിക്കൽ തോട് ജനകീയ സമരത്തിന് പിന്തുണയുമായി പ്രാദേശിക സി.പി.എം പ്രവർത്തകര്‍
സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രാദേശിക പാർട്ടി പ്രവർത്തകരും അനുഭാവികളും സമരസമിതിക്കൊപ്പം ചേർന്നത്
കോഴിക്കോട്: ആവിക്കൽ തോട് മലിന ജല പ്ലാൻറിനെതിരായ ജനകീയ സമരത്തിന് പിന്തുണയുമായി പ്രദേശത്തെ സി.പി.എം പ്രവർത്തകർ രംഗത്ത്. സമരത്തിന് പിന്നിൽ തീവ്രവാദികളാണെന്ന മന്ത്രി എം വി ഗോവിന്ദന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രാദേശിക പാർട്ടി പ്രവർത്തകരും അനുഭാവികളും സമരസമിതിക്കൊപ്പം ചേർന്നത്.
സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ 50 ഓളം പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് ആവിക്കൽ ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയത്. പുതിയ കടവിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്ന് സമരപ്പന്തലിലേക്ക് പ്രകടനമായെത്തുകയായിരുന്നു. മുതിർന്ന പ്രാദേശിക നേതാക്കളായ വി.പി ഹുസൈൻ, എൻ.പി ലത്തീഫ്, യൂനുസ്, ബീരാൻ തുടങ്ങിയവരുടെ നേതൃത്വലായിരുന്നു പ്രകടനം. സമര സമിതി കൺവീനർ ഇർഫാൻ ഹബീബിൻറെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരെ സ്വീകരിച്ചു. പിന്നീട് ആവിക്കലിൽ നിന്ന് പുതിയകടവിലേക്ക് പ്രകടനമായി നീങ്ങി.
അതേസമയം, സമ്മർദങ്ങൾക്ക് വഴങ്ങാതെ വികസന പദ്ധതിയുമായി കോർപ്പറേഷൻ മുന്നോട്ട് പോകണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന എൽ.ഡി.എഫ് പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.