പ്രിയവർഗീസിന് പിന്നാലെ കോളേജ് പ്രിൻസിപ്പൽമാരും പുറത്തേക്ക്; 12 പേരുടെ അനധികൃത നിയമനം റദ്ദാക്കി
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ച 12 പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്
കൊച്ചി: ചട്ടം ലംഘിച്ച് നിയമിക്കപ്പെട്ട 12 കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. യു ജി സി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനമെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ച 12 പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ. എസ് ബാബു നൽകിയ ഹരജിയിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി.
2010ലെ യു.ജി സി ചട്ടം 4.2 പ്രകാരം 15 വർഷത്തെ അധ്യാപന പരിചയം, ഗവേഷണ ബിരുദം, 400 എ പി ഐ സ്‌കോർ എന്നിവ നിയമിക്കപ്പെടുന്നവർക്ക് ഉണ്ടായിരിക്കണം. കൂടാതെ നാലംഗങ്ങൾ ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചാകണം പ്രിൻസിപ്പൽമാരെ തെരഞ്ഞെടുക്കേണ്ടത്. എന്നാൽ വേണ്ട യോഗ്യതകൾ ഇല്ലാത്തവർക്കാണ് നിയമനം നൽകിയതെന്ന് ട്രൈബ്യൂണൽ വിലയിരുത്തി.
കൃത്യമായ സെലക്ഷൻ കമ്മിറ്റി മുഖേനയല്ല പ്രിൻസിപ്പൽമാരെ കണ്ടെത്തിയതെന്നും വിധിയിൽ പറയുന്നു. ഇടത് അധ്യാപക സംഘടനയായ എ കെ ജി സി ടി എ മുൻ ജനറൽ സെക്രട്ടറി ഡോ. കെ കെ ദാമോദരനടക്കമുള്ള ഇടത് സംഘടനാനേതാക്കൾ പുറത്താക്കിയവരിൽ ഉൾപ്പെടുന്നു. തനിക്ക് ലഭിക്കേണ്ട നിയമനം നഷ്ടമായതിൽ പ്രതിഷേധിച്ചാണ് നിയമപോരാട്ടം നടത്തിയതെന്ന് പരാതിക്കാരനായ ഡോ എസ് ബാബു പറഞ്ഞു.
പുറത്താക്കപ്പെട്ടവരിൽ കെ കെ ദാമോദരൻ ഉൾപ്പടെ മൂന്ന് പേർ നിലവിൽ പ്രിൻസിപ്പൽമാരായി ജോലി ചെയ്യുന്നുണ്ട്. ബാക്കി ഒൻപത് പേർ വിരമിച്ചവരാണ്. റിട്ടയർ ചെയ്തവർക്കും വിധി തിരിച്ചടിയാകും. പ്രിൻസിപ്പൽ എന്ന നിലക്ക് കൈപ്പറ്റിയ ആനുകൂല്യങ്ങൾ മടക്കി നൽകണം. പരാതിക്കാരന് ചട്ടപ്രകാരമുള്ള യോഗ്യതയുണ്ടെങ്കിൽ മൂന്ന് മാസത്തിനകം പ്രിൻസിപ്പൽ പദവിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അനുവദിച്ച് നൽകാനും വിധിയിൽ പറയുന്നു.