ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ചയില്ല: ഡിവൈഎഫ്‌ഐ
അപ്രതീക്ഷിതമായാണ് ഈ കൊലപാതകം ഉണ്ടായിട്ടുള്ളതെന്നും റഹീം കൂട്ടിച്ചേർത്തു
ആലപ്പുഴയിലെ കൊലപാതകങ്ങൾ രാഷ്ട്രീയ ആസൂത്രിതമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് എഎ റഹീം. ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല. അപ്രതീക്ഷിതമായാണ് ഈ കൊലപാതകം ഉണ്ടായിട്ടുള്ളതെന്നും റഹീം കൂട്ടിച്ചേർത്തു.
ഇരുകൂട്ടരും സംസ്ഥാനത്ത് സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കുകയാണ് ബിജെപിയുടെയും എസ്ഡിപിഐയുടെയും ലക്ഷ്യം.വർഗീയ ധ്രുവീകരണമാണ് ഇരു കൂട്ടരും ലക്ഷ്യമിടുന്നത്.രക്തദാഹികളായ വർഗീയ സംഘടനകളാണ് രണ്ട് കൂട്ടരും. ക്രിമിനൽ സംഘങ്ങളെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ കാമ്പയിനുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് പോകുമെന്നും റഹീം വ്യക്തമാക്കി.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സംസ്ഥാനത്ത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടർന്ന് ആലപ്പുഴയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ജില്ലയിൽ ഇന്നും നാളെയുമാണ് കലക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തിയത്.