'വൈകിയാണ് ജോലിക്ക് അപേക്ഷിച്ചതെന്ന വാദം തെറ്റ്'; യു.ഷറഫലിയെ തള്ളി റിനോ ആന്റോ
രാജ്യത്തിനുവേണ്ടി കളിച്ച തനിക്ക് ജോലിക്ക് അർഹതയുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്നും റിനോ മീഡിയവണിനോട്
കോഴിക്കോട്: അപേക്ഷിക്കാൻ വൈകിയതിനാലാണ് ഫുട്‌ബോൾ താരങ്ങളായ അനസ് എടത്തൊടികക്കും റിനോ ആന്റോക്കും സർക്കാർ ജോലി ലഭിക്കാതെ പോയതെന്ന സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷൻ യു.ഷറഫലിയുടെ പരാമർശത്തിനെതിരെ റിനോ ആന്റോ രംഗത്ത്. വൈകിയാണ് അപേക്ഷിച്ചതെന്ന വാദം തെറ്റാണ്. രാജ്യത്തിനുവേണ്ടി കളിച്ച തനിക്ക് ജോലിക്ക് അർഹതയുണ്ടെന്ന് തന്നെയാണ് വിശ്വാസമെന്നും റിനോ മീഡിയവണിനോട് പറഞ്ഞു.
'പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുമ്പോൾ തന്നെയാണ് ജോലിക്ക് അപേക്ഷിച്ചത്. എന്നെക്കാൾ പ്രായമുള്ളവർക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. ഒരിക്കലും സ്‌പെഷൻ കാറ്റഗറി മാറ്റണമെന്നും പറഞ്ഞിട്ടില്ല. പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാൻ പോകുകയും വിരമിക്കാറായപ്പോഴാണ് ജോലിക്ക് അപേക്ഷ നൽകിയതെന്നുമാണ് യു. ഷറഫലി പറഞ്ഞത്. അത് തെറ്റാണ്. പ്രൊഷണൽ കളിക്കാൻ പോയി തിരിച്ചുവന്ന എത്രയോ പേർക്ക് ജോലി കൊടുത്തിട്ടുണ്ട്. ജോലിക്ക് തടസം നിൽക്കുന്നതിൽ മുതിർന്ന താരങ്ങളുമുണ്ടാകാം'. താന്‍ ഇപ്പോഴും ജോലിക്കായി കാത്തിരിക്കുകയാണെന്നും മുൻ ഇന്ത്യൻ താരം കൂടിയായ റിനോ ആന്റോ പറഞ്ഞു.