രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഭരണഘടനകൊണ്ട് ചെറുക്കണം: കാന്തപുരം
2002 ൽ ഗുജറാത്തിൽ നടന്ന കലാപത്തിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുപിടിക്കാനും അവർക്ക് ജീവിതം വീണ്ടെടുക്കാനുള്ള ആത്മവിശ്വാസം പകരാനുമാണ് സുന്നി പ്രസ്ഥാനം ശ്രമിച്ചത്. പ്രതികാരബുദ്ധി വളർത്തിയല്ല ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യേണ്ടത്.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ ഭരണഘടനകൊണ്ട് ചെറുക്കുകയാണ് വേണ്ടതെന്നും അതാണ് ശരിയായ പൗരബോധമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടിൽ എസ്.എസ്.എഫ് ദേശീയ സാഹിത്യോത്സവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള ഏത് ശ്രമങ്ങളെയും ചെറുക്കാനുള്ള കരുത്ത് ഇന്ത്യയുടെ ഭരണഘടനയ്ക്കുണ്ട്. മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്ടിക്കുന്നവർ ഇന്ത്യയുടെ വൈവിധ്യം തകർക്കുകയാണ്. 2002 ൽ ഗുജറാത്തിൽ നടന്ന കലാപത്തിൽ എല്ലാം നഷ്ടമായ മനുഷ്യരെ ചേർത്തുപിടിക്കാനും അവർക്ക് ജീവിതം വീണ്ടെടുക്കാനുള്ള ആത്മവിശ്വാസം പകരാനുമാണ് സുന്നി പ്രസ്ഥാനം ശ്രമിച്ചത്. പ്രതികാരബുദ്ധി വളർത്തിയല്ല ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യേണ്ടത്. വൈകാരികമായ പ്രതികരണങ്ങൾ പ്രശ്‌നം സങ്കീർണമാക്കുകയേ ഉള്ളൂ. രാജ്യത്തും വിവിധ ഇടങ്ങളിൽ കലാപങ്ങൾ ഉണ്ടായപ്പോൾ സുന്നി-സൂഫി സംഘടനകൾ ഈ നിലപാടാണ് ഉയർത്തിപ്പിടിച്ചതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സമാപന സമ്മേളനത്തിൽ എസ്.എസ്.എഫ് ദേശീയ പ്രസിഡണ്ട് ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അധ്യക്ഷത വഹിച്ചു. പത്മശ്രീ പ്രൊഫ. അക്തറുൽ വാസി മുഖ്യാതിഥിയായി പങ്കെടുത്തു. എസ്.എസ്.എഫ് ദേശീയ ജന: സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, എസ്.വൈ.എസ് കേരള സ്റ്റേറ്റ് ജന: സെക്രട്ടറി ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി, ഷൗക്കത്ത് നഈമി കശ്മീർ സംസാരിച്ചു. നാലു ദിവസമായി നടക്കുന്ന കലാ സാഹിത്യ മത്സരങ്ങളിൽ 295 പോയിന്റ് നേടി ജമ്മു& കശ്മീർ ദേശീയ ചാമ്പ്യൻമാരായി. 278 പോയന്റ് നേടി കർണാടക രണ്ടാം സ്ഥാനവും 251 പോയിന്റ് നേടി കേരളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മധ്യപ്രദേശിൽ നിന്നുള്ള ഫായിസ് ഖുറേഷി ആണ് കലാപ്രതിഭ. മധ്യപ്രദേശിൽ നിന്നുള്ള നിഹാൽ അഷ്റഫിനെ സർഗ പ്രതിഭയായി തെരഞ്ഞെടുത്തു. 24 സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ഞൂറോളം പ്രതിഭകളാണ് മത്സരത്തിൽ പങ്കെടുത്തത്. 60 ഇനങ്ങളിലായിരുന്നു മത്സരം.