'കെ ഫോണിലും എ.ഐ മോഡൽ അഴിമതി, കരാർ നൽകിയത് മുഖ്യമന്ത്രിക്ക് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്ക്'; വി.ഡി സതീശൻ

'രേഖകൾ വെച്ച് പ്രതിപക്ഷം പുകമുറ സൃഷ്ടിക്കുകയാണെങ്കിൽ അത് മുഖ്യമന്ത്രി നീക്കണം'

Update: 2023-05-04 06:01 GMT
Editor : Lissy P | By : Web Desk
Advertising

കാസർകോഡ്: എ.ഐ കാമറ അഴിമതിപോലെ കെ ഫോൺ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്ക് തന്നെയാണ് കെ. ഫോണിന്റെയും കരാർ നൽകിയത്. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദേശങ്ങൾ ലംഘിച്ചാണ് ടെണ്ടർ നടപടി. നിയമങ്ങൾ ലംഘിച്ച് ടെണ്ടറിൽ 50 ശതമാനം എക്‌സസ് നൽകിയത്. രണ്ടിടത്തും എസ്ആർഐടി ഉൾപ്പെട്ട കൺസോർഷ്യവും എം ശിവശങ്കറുമാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

'2017ൽ ആരംഭിച്ച കെ-ഫോൺ പദ്ധതിയിലൂടെ 18 മാസത്തിനുള്ളിൽ 20ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷനും 30,000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ശൃംഖലയും സജ്ജമാക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. കെ-ഫോൺ സംവിധാനം 90 ശതമാനവും പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ 16000 ഓളം ഓഫീസുകളിൽ കണക്ഷൻ മാത്രമാണ് നൽകിയത്.

എന്നാൽ, ജനങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകാൻ നാടെങ്ങും ലൈൻ വേണം. അതുടൻ സാധ്യമല്ലെന്ന് ബോധ്യമായതോടെ, തുടക്കത്തിൽ 14000 പേർക്ക് മാത്രം സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നായി സർക്കാർ. ഒരു നിയമസഭാ മണ്ഡലത്തിൽ പാവപ്പെട്ട 100 പേർക്കായി പരിമിതപ്പെടുത്തുകയും ചെയ്തു'

കെ - ഫോൺ പദ്ധതിയുടെ നടത്തിപ്പിനായി ഭരണാനുമതി ലഭിച്ചത് 1028.8 കോടി രൂപയ്ക്കാണ്. എന്നാൽ, നിർമ്മാണ പ്രവർത്തനത്തിന് രണ്ടു വർഷവും ഓപ്പറേഷൻ ആൻഡ് മെയിന്റനൻസിന് ഏഴുവർഷവും ഉൾപ്പെടെ ഒമ്പത് വർഷത്തെ കരാർ ആണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിനാണ് നൽകിയത്. ഇതിൽ എസ്.ആർ.ഐ. ടി കമ്പനിയും ഉൾപ്പെടുന്നു. ഇതിനായി നൽകിയ കരാർ തുക 1531 കോടി രൂപയാണ്. ഇതിൽ 1168 കോടി രൂപ നിർമ്മാണ പ്രവർത്തനത്തിനും 363 കോടി രൂപ ഓപ്പറേഷൻ , മെയിന്റനൻസിനുമായാണ് കരാർ ഉറപ്പിച്ചത്. അതായത് 500 കോടിയോളം രൂപയുടെ അധിക ടെണ്ടര്‍ നല്‍കി.' അദ്ദേഹം പറഞ്ഞു.

'30,000 സർക്കാർ സ്ഥാപനങ്ങളുടെ ഒപ്ടിക്കൽ നെറ്റ് വർക്ക് ടെർമിനലിന്റെ പ്രവർത്തനവും പരിപാലനവും മാത്രമാണ് സിസ്റ്റം ഇന്റഗ്രേറ്ററായ ബി.ഇ.എൽ കൈകാര്യം ചെയ്യുന്നത് എന്നാണ് അറിയാൻ സാധിച്ചത് . എന്നാൽ ഈ പദ്ധതി കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിനനും മോണിറ്റയ്‌സ് ചെയ്യുന്നതിനും ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറിന്റെ (എം.എസ്.പി.) വൈദഗ്ദ്ധ്യം ആവശ്യമാണ് എന്നാണ് കെ ഫോൺ പദ്ധതി മോണിറ്റൈസ് ചെയ്യാനായി സർക്കാർ നിയമിച്ച ഉപസമിതിയുടെ കണ്ടെത്തൽ. അതിനാൽ, കെഫോൺ ലിമിറ്റഡിന്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി, ടെൻഡർ പ്രക്രിയയിലൂടെ, ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (എം.എസ്.പി.) തെരഞ്ഞെടുക്കാൻ ടെൻഡർ ക്ഷണിച്ചു.

എന്നാൽ ഈ ടെൻഡറും നേടിയത് മുൻപ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കൺസോർഷ്യത്തിലെ എസ്.ആർ.ഐ.ടി എന്ന സ്ഥാപനമാണ്. എ ഐ ക്യാമറയിൽ അഴിമതി നടത്തിയ സ്ഥാപനമാണ് എസ്.ആർ.ഐ.ടി. എ ഐ കാമറ ടെൻഡർ പോലെ ഈ കരാറും കാർട്ടൽ ഉണ്ടാക്കിയാണ് എസ് ആർ ഐ ടി നേടിയതെന്നും സതീശൻ പറഞ്ഞു.

ആരോപണങ്ങൾക്ക് മറുപടി പറയാത്ത ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. രേഖകൾ വെച്ച് പ്രതിപക്ഷം പുകമുറ സൃഷ്ടിക്കുകയാണെങ്കിൽ അത് മുഖ്യമന്ത്രി നീക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Full View




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News