പീഡനശ്രമക്കേസ്: പി.സി ജോർജിന്റെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു
ജാമ്യം നൽകിയ കീഴ്‌ക്കോടതി നടപടി തെറ്റാണെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു
തിരുവനന്തപുരം: പി.സി ജോർജിനെതിരായ പീഡനക്കേസിൽ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരി. പി.സി ജോർജിന്റെ ജാമ്യം റദ്ധാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. ജാമ്യം നൽകിയ കീഴ്‌ക്കോടതി നടപടി തെറ്റാണെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. പി.സി ജോർജിനെതിരെ പ്രധാനപ്പെട്ട വകുപ്പുകൾ പൊലീസ് ചുമത്തിയില്ലെന്നും മ്യൂസിയം എസ്.എച്ച്.ഒ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഹരജിക്കാരി കോടതിയെ അറിയിച്ചിട്ടുണ്ട്.
പീഡന പരാതി വൈകിയതിൽ ദുരൂഹതയുണ്ടെന്നാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിക്കാരിക്ക് നിയമനടപടിയെ കുറിച്ച് അറിവുണ്ടെന്നും കോടതി വിശദമാക്കി. പി.സി ജോർജിന്റെ അറസ്റ്റ് സുപ്രിം കോടതി മാനദണ്ഡം പാലിക്കാതെയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സമാനമായ രീതിയിൽ പരാതി ഉന്നയിച്ച വ്യക്തിയാണ് പരാതിക്കാരിയെന്നും കോടതി ചൂണ്ടിക്കാട്ടി.
2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404 നമ്പർ റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടർന്ന് ബലപ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് പരാതി.