ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവി; പാർട്ടി അടിത്തറ വോട്ടുകൾ ഒലിച്ചുപോയെന്ന് സി.പി.എം വിലയിരുത്തൽ
ബി.ജെ.പിക്ക് ബൂത്ത് ഏജന്റുമാർ ഇല്ലാത്ത ബൂത്തിൽപോലും അവർക്ക് വോട്ട് വർധിച്ചുവെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി അടിത്തറ വോട്ടുകൾ ഒലിച്ചു പോയെന്ന് സി.പി.എം വിലയിരുത്തൽ. വെറുമൊരു തെരഞ്ഞെടുപ്പ് തോൽവിയല്ല ഉണ്ടായത്, അടിത്തറ വോട്ടുകൾ കുത്തിയൊലിച്ച് പോയെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ട് പറയുന്നു.
ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ പോലും പാർട്ടി വോട്ടുകൾ ഒഴുകി സംഘപരിവാറിലെത്തി. ബി.ജെ.പിക്ക് ബൂത്ത് ഏജന്റുമാർ പോലും ഇല്ലാതിരുന്ന സ്ഥലങ്ങളിൽ പോലും അവരുടെ വോട്ട് വർധിച്ചു. ബി.ജെ.പിയുടെ പ്രവർത്തനംകൊണ്ടല്ലാതെ തന്നെ പാർട്ടി വോട്ടുകൾ സംഘ്പരിവാറിലേക്ക് ചോർന്നു. ബി.ജെ.പിയുടെ വളർച്ച തടയാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
താഴേത്തട്ട് മുതൽ തിരുത്തൽ വേണമെന്നാണ് പാർട്ടി തീരുമാനം. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ഒരു വോട്ട് പോലും ലഭിക്കാത്ത ബൂത്തിൽ ഇത്തവണ 261 വോട്ടിന്റെ ലീഡ് ഉണ്ട്. കോൺഗ്രസിലേക്ക് പോകുന്ന വോട്ടുകൾ പാർട്ടിയിലേക്ക് തിരിച്ചുവരാറുണ്ട്. എന്നാൽ ബി.ജെ.പിയിലേക്ക് പോകുന്ന വോട്ടുകൾ തിരിച്ചുവരാത്ത സാഹചര്യമാണുള്ളതെന്നും വിലയിരുത്തലുണ്ടായി.