തില്ലങ്കേരിയിൽ സി.പി.എം വിശദീകരണയോഗം ഇന്ന്; പി.ജയരാജൻ പങ്കെടുക്കും
ഒരു മാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് പിൻവലിച്ചു.
കണ്ണൂർ: തില്ലങ്കേരിയിൽ സി.പി.എം വിശദീകരണ യോഗം ഇന്ന്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എം വിശദീകരണ യോഗം നടത്താൻ തീരുമാനിച്ചത്. വൈകീട്ട് നടക്കുന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. ജയരാജൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
അതിനിടെ ഒരുമാസത്തിനിടെ തങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ഷുഹൈബ് വധക്കേസിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഞായറാഴ്ച വൈകീട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകൾക്കകം അപ്രത്യക്ഷമായി.
'ഞങ്ങളിൽ ഒരാൾ ഒരുമാസംകൊണ്ട് കൊല്ലപ്പെടും. ഉത്തരവാദി പാർട്ടി അല്ല. മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികളായ ആർ.എസ്.എസും മറ്റും ശ്രമിക്കുന്നുണ്ട്. കൊലപാതകത്തിന്റെ പാപക്കറ കൂടി ഈ പാർട്ടിയുടെമേൽ മേൽകെട്ടിവെച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷംപോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത്. തമ്മിലടിച്ച് ചോരകുടിക്കുന്ന മാധ്യമങ്ങൾ നമ്മുടെ കുറിപ്പായി ഇതു കരുതണം' എന്നിങ്ങനെയാണ് കുറിപ്പ്.
സമൂഹമാധ്യങ്ങളിൽ ആകാശ് തില്ലങ്കേരിയും അനുകൂലികളും തമ്മിലുള്ള വാക്പയറ്റ് ഏറക്കുറെ നിലച്ചശേഷം ജിജോയുടെ പേരിൽ ഞായറാഴ്ച രണ്ടു കുറിപ്പുകളാണ് വന്നത്. രക്തസാക്ഷി കുടുംബത്തെ അപമാനിച്ചെ ഡി.വൈ.എഫ്.ഐ ആരോപണത്തിനുള്ള മറുപടിയായാണ് ആദ്യ പോസ്റ്റ്. ആർ.എസ്.എസുകാരന്റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽപോയ ആളാണ് ആകാശ്. രക്തസാക്ഷി കുടുംബത്തെ അപമാനിച്ചു എന്നതരത്തിലാണ് പ്രചാരണം. ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതെന്നായിരുന്നു ആ കുറിപ്പ്. സി.പി.എമ്മിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജയപ്രകാശ് തില്ലങ്കേരിയും കുറിപ്പിട്ടു. പ്രാദേശിക വിഷയങ്ങളിൽ പാർട്ടിയെ വലിച്ചിടുന്നത് മാധ്യമങ്ങളാണെന്നും എന്ത് നിലപാടെടുത്താലും പാർട്ടിയോടൊപ്പം എന്നുമുണ്ടാകുമെന്നും സി.പി.എമ്മിനെ തകർക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നുമാണ് ജയപ്രകാശിന്റെ പോസ്റ്റ്.