'ലഹളയ്ക്ക് ആഹ്വാനം ചെയ്തു'; ഇ.പി ജയരാജനെതിരെ പൊലീസിൽ പരാതിയുമായി പി.സി ജോർജ്

ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ പിടിക്കാനോ ജയരാജന് കോൺഗ്രസിനെതിരായ ആരോപണം തെളിയിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് പി.സി ജോർജ്

Update: 2022-07-04 10:42 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ലഹളയ്ക്ക് ആഹ്വാനം ചെയ്ത എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് കേരള ജനപക്ഷം(സെക്യുലർ) ചെയർമാൻ പി.സി ജോർജ്. ആക്രമണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണം ജയരാജന് തെളിയിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് പി.സി ജോർജ്.

എ.കെ.ജി സെന്റർ ആക്രമണം നടന്ന ഉടൻ അവിടെയെത്തിയ ഇ.പി ജയരാജൻ ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്ന് ആരോപണം ഉന്നയിച്ചു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിൽ വലിയ പ്രക്ഷോഭവും ലഹളയും ആരംഭിക്കുകയും ചെയ്തു. നിരവധി കോൺഗ്രസ് ഓഫീസുകൾക്ക് നാശനഷ്ടം വരുത്തുകയും കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്-പരാതിയിൽ ജോർജ് ചൂണ്ടിക്കാട്ടി.

ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ പിടിക്കാനോ ജയരാജന് ആരോപണം തെളിയിക്കാനോ കഴിഞ്ഞിട്ടില്ലെന്നും പി.സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനും എതിരായ ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനായി ഈ പ്രസ്താവനയിലൂടെ കരുതിക്കൂട്ടി ലഹളയ്ക്ക് ആഹ്വാനം ചെയ്യുകയായിരുന്നു ജയരാജൻ. അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 153-ാം വകുപ്പു പ്രകാരം ലഹളയ്ക്ക് ആഹ്വാനം ചെയ്ത കുറ്റത്തിന് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും പി.സി ജോർജ് പൊലീസിനു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Summary: 'EP Jayarajan called for riot'; PC George files a police complaint LDF convener in AKG center attack

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News