'സ്പെയിനില്‍ പോയാല്‍ മെസി ആകുമോ?'; ഫുട്ബോള്‍ പരീശീലനത്തിന്‍റെ പേരിൽ കേരളത്തിൽ വ്യാപക തട്ടിപ്പ്- പരാതി
രണ്ടു വർഷത്തിനിടെ ലക്ഷങ്ങള്‍ മുടക്കി 50ലധികം കുട്ടികളാണ് കേരളത്തില്‍നിന്ന് സ്പെയിനിലേക്ക് ഫുട്ബോൾ പരിശീലനത്തിനായി പോയത്
കൊച്ചി: യൂറോപ്യൻ രാജ്യങ്ങളിൽ ഫുട്ബോള്‍ പരീശീലനം നൽകാമെന്ന പേരിൽ കേരളത്തിൽ വ്യാപക തട്ടിപ്പ് നടക്കുന്നെന്ന് പരാതി. പരിശീലനത്തിന്റെ പേരിൽ ലക്ഷങ്ങളാണ് ഏജൻസികൾ കുട്ടികളിൽനിന്ന് ഈടാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കായികമന്ത്രിക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് അക്കാദമികളും പരിശീലകരും.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ അൻപതിലധികം കുട്ടികളാണ് ഫുട്ബോൾ പരിശീലനത്തിനായി സ്പെയിനിലേക്ക് പോയത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോയ കുട്ടികളുമുണ്ട്. പരിശീലനത്തിനായി ലക്ഷങ്ങളാണ് ഇവർ മുടക്കിയത്. ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും പരസ്യം നൽകിയാണ് കുട്ടികളെ സെലക്ഷൻ ട്രയൽസിൽ പങ്കെടുപ്പിക്കുന്നത്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറഷനോ കേരള ഫുട്ബോൾ അകാദമിക്കോ കേരള സർക്കാരിനോ ഇതേക്കുറിച്ച് യാതൊരു വിവരവുമില്ല.
മലപ്പുറത്ത് ഒരു സെലക്ഷൻ ട്രയൽസിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്പെയിനിലേക്ക് പോകാൻ അവസരം ലഭിച്ചുവെന്ന സന്ദേശം പ്രചരിച്ചത് അടുത്താണ്. നാട്ടിലെ പ്രാദേശിക ക്ലബുകളിൽ ശരാശരിക്കും താഴെ നിലവാരം പുലർത്തുന്നവർക്കുപോലും വിദേശരാജ്യത്ത് പരിശീലനത്തിന് അവസരം ലഭിക്കുന്നു. മികച്ച പ്രകടനം നടത്തുന്ന കുട്ടികളും ഈ കെണിയിൽ വീഴാറുണ്ട്.
ഒന്നോ രണ്ടോ മാസത്തെ പരിശീലനം കൊണ്ട് എന്ത് നേട്ടമാണ് കുട്ടികൾക്കുണ്ടാകുന്നത് എന്നതിൽ പരിശീലകർക്കും വ്യക്തതയില്ല. ദീർഘകാല പരിശീലനം നൽകുന്ന ക്ലബുകള്‍ കേരളത്തിലുണ്ട്. എന്നാൽ, വിദേശത്തുപോയി പരിശീലനം നേടിയാൽ തങ്ങളുടെ മക്കൾ അതിഗംഭീര പ്രകടനം നടത്തുമെന്ന രക്ഷിതാക്കളുടെ തെറ്റിദ്ധാരണ കൂടിയാണ് ഇത്തരം ഏജൻസികൾ ചൂഷണം ചെയ്യുന്നത്.
Summary: Complaint that there is widespread scam in Kerala on the pretext of providing football training in European countries