കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍; മരണം വിഷവാതകം ശ്വസിച്ച്
അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്.
തൃശൂർ കൊടുങ്ങല്ലൂർ ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. കാടാം പറമ്പത്ത് ആഷിഫ് (41), ഭാര്യ അബീറ (34), മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (൭) എന്നിവരാണ് മരിച്ചത്.
കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങൾ താഴത്തെ നിലയിലും അഷിഫും ഭാര്യയും മക്കളും മുകളിലത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. രാവിലെ പതിവു സമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നതോടെ താഴെയുള്ളവർ മുറിയിൽ മുട്ടിവിളിച്ചു. എന്നാൽ തുറന്നില്ല. ഒടുവിൽ അയൽക്കാരെത്തി മുകൾ നിലയിൽ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരും മരിച്ചുകിടക്കുന്നതു കണ്ടത്. പൊലീസെത്തി വാതിൽ പൊളിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ആഷിഫ് സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. വീട് ജപ്തി ഭീഷണിയിൽ ആയിരുന്നെന്നും സൂചനയുണ്ട്. വീടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്‍റെ ആദ്യ നിഗമനം. വീട്ടിൽ കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ അടച്ച നിലയിലായിരുന്നു.