'സ്വർണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റരുത്'; തടസ ഹരജിയുമായി എം ശിവശങ്കർ
'തൻറെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുത്'
കൊച്ചി:സ്വർണ്ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്‌സ്‌മെന്റ് ആവശ്യത്തെ എതിർത്ത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. തൻറെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് ശിവശങ്കർ സുപ്രിംകോടതിയിൽ തടസ്സഹർജി നൽകി.
ഇ.ഡിയുടെ നീക്കത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് ശിവശങ്കറിൻറെ ആരോപണം. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ നിലവിൽ എറണാകുളം കോടതിയുടെ പരിഗണനയിലുള്ള കേസ് ബംഗളുരിവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഇഡിയുടെ ട്രാൻസ്ഫർ ഹർജിക്കെതിരെയാണ് ശിവശങ്കർ കോടതിയുടെ സമീപിച്ചത്.
സ്വർണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രിംകോടതിയിൽ ട്രാൻസ്ഫർ ഹരജി നൽകിയിരുന്നു. കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് ഹരജിയിലെ ആരോപണം. കേസിൽ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇ.ഡി ഹരജിയിൽ ചൂണ്ടിക്കാട്ടി.
സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആലോചിക്കുന്നതിനിടയിലാണ് ഇ.ഡിയുടെ നീക്കം. ഡൽഹിയിൽ നടന്ന ഉന്നത തല കൂടിയാലോചനകൾക്ക് ശേഷമാണ് ഇ.ഡി ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തത്. ഇ.ഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടർ മുഖാന്തരമാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള സെഷൻസ് കേസ് 610/2020 പൂർണമായും ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിവരാണ് കേസിലെ ആദ്യ നാല് പ്രതികൾ. എം ശിവശങ്കർ ഇപ്പോഴും സർക്കാരിൽ നിർണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ ഉണ്ടെന്നാണ് ഇ.ഡി ആരോപിക്കുന്നത്. ജൂലൈ ആദ്യവാരം ഇക്കാര്യമാവശ്യപ്പെട്ട് ഹരജി സമർപ്പിച്ചിരുന്നെങ്കിലും കൂടുതൽ രേഖകൾ ഉൾപ്പെടുത്തിയാണ് വീണ്ടും ഹരജി ഫയൽ ചെയ്തത്.