സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ സർക്കാർ ഒരുക്കം തുടങ്ങി; മാനദണ്ഡങ്ങൾ ചർച്ച ചെയ്യാൻ യോഗം ചേരും

വിദ്യാഭ്യാസ- ആരോഗ്യ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും

Update: 2021-09-21 07:49 GMT
Advertising

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ- ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരും. സംസ്ഥാന തലത്തിലെ പൊതു മാനദണ്ഡം എങ്ങനെയാകണമെന്നാണ് യോഗം ചർച്ച ചെയ്യുക. രണ്ട് വകുപ്പുകളുടെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

കുട്ടികളുടെ സുരക്ഷ മുന്നിൽകണ്ട് ആരോഗ്യവകുപ്പിന്‍റെ അഭിപ്രായം കേട്ടശേഷം അത് നടപ്പിലാക്കലാകും പൊതു വിദ്യഭ്യാസ വകുപ്പ് ചെയ്യുക. കുട്ടികൾക്കുള്ള മാസ്ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ്‌ എന്നിവയിലെല്ലാം അന്തിമ തീരുമാനം യോഗത്തിലുണ്ടാകും.

ഒരോ പ്രദേശത്തെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും അംഗങ്ങളാകുന്ന ജാഗ്രതാ സമിതികളുടെ രൂപീകരണത്തിന് ആരോഗ്യവകുപ്പിന്റ പിന്തുണ ഉറപ്പാക്കും. കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നതിനേക്കാള്‍ ജാഗ്രത വേണ്ടത് തിരികെ പോകുമ്പോഴാണ് എന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. കുട്ടികള്‍ ഒരുമിച്ച് സ്‌കൂള്‍ വിട്ട് പോകുന്നത് ഒഴിവാക്കാന്‍ ഓരോ ക്ലാസിലേയും കുട്ടികളെ ഒരു നിശ്ചിത സമയത്ത് മാത്രം ക്ലാസ് വിട്ട് പോകാന്‍ അനുവദിക്കുക എന്നതാണ് ആലോചിക്കുന്നത്. 

ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ മാത്രം, വീട്ടിലിരുന്ന് ഓണ്‍ലൈന്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം, സ്‌കൂളില്‍ വരുന്ന കുട്ടികളില്‍ നിന്നും മാതാപിതാക്കളുടെ സമ്മതപത്രം എന്നിവയും പരിഗണനയിലുണ്ട്. കുട്ടികള്‍ ഒരുമിച്ച് ചേരുന്ന അസംബ്ലി വേണ്ടെന്നാണ് തീരുമാനം. കണ്ടയ്ന്‍മെന്റ് സോണില്‍ നിന്നുള്ള കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ലെന്ന നിര്‍ദേശവുമുണ്ടാകും. മേഖല ഉപമേധാവിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News