ഹാജിമാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; ലഗേജുകൾ ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ്
കൂടുതൽ പണം ലഭിക്കുന്ന മറ്റ് ചരക്കുകൾ വേഗത്തിൽ എത്തിക്കുകയും മുൻകൂട്ടി പണം നൽകിയ ഹാജിമാരുടെ ലോഗേജുകൾ വൈകിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.
മലപ്പുറം: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിന് പോയവരുടെ ലഗേജ് ലഭിക്കാൻ ദിവസങ്ങളുടെ കാത്തിരിപ്പ്. ഇപ്പോഴും പലർക്കും ലഗേജ് ലഭിച്ചിട്ടില്ല. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കരിപ്പൂരിൽ വന്നിറങ്ങിയവർക്കാണ് സംസം വെള്ളം ഉൾപെടെ ലഭിക്കാൻ പ്രയാസം നേരിടുന്നത്.
കഴിഞ്ഞ മാസം 24, 25 തീയതികളിൽ ബൈത്തുല്ല, അത്തീഖ് എന്നീ ഗ്രൂപ്പുകളിലായി ഹജ്ജിന് പോയ 168 പേർ മടങ്ങിയെത്തി. ഇതിൽ മൂന്നുപേർക്ക് മാത്രമാണ് അന്ന് തന്നെ ലോഗേജ് ലഭിച്ചത്. ബാക്കിയുള്ളവർ ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് സംസം വെള്ളവും ഈത്തപ്പഴവും ഉൾപ്പെടെയുള്ളവ ലഭിച്ചത്. ഒരു വീട്ടിൽ നിന്ന് ഹജ്ജിന് പോയ ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ ഓരോരുത്തർക്കും ഒരോ ദിവസമാണ് ലോഗേജ് തിരിച്ചു ലഭിച്ചത്. പലരുടെയും ലേഗേജുകളും മഴ നനഞ്ഞാണ് വീട്ടിൽ എത്തിച്ചത്. ഇനിയും ലോഗേജ് ലഭിക്കാത്തവരും ഉണ്ട്.
കൂടുതൽ പണം ലഭിക്കുന്ന മറ്റ് ചരക്കുകൾ വേഗത്തിൽ എത്തിക്കുകയും മുൻകൂട്ടി പണം നൽകിയ ഹാജിമാരുടെ ലോഗേജുകൾ വൈകിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. അഞ്ച് കിലോ സംസം വെള്ളവും, 25 കിലോ മറ്റ് ഉത്പന്നങ്ങളും, ഏഴ് കിലോ കൈയിൽ സൂക്ഷിക്കാവുന്ന ലോഗേജുകളുമാണ് ഹാജിമാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നത്. കുറഞ്ഞ ടിക്കറ്റിൽ യാത്ര ചെയ്യാൻ കഴിയുന്ന കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നും യാത്ര പോയവർക്ക് 45 കിലോ ലോഗേജും, ഏഴ് കിലോ കൈയിൽ സൂക്ഷിക്കാനും അനുമതിയുണ്ട്. 35000 രൂപ വരെ കൂടുതൽ ടിക്കറ്റ് നിരക്ക് ഈടാക്കിയ ശേഷവും കരിപ്പൂരിൽ നിന്നുള്ള യാത്രക്കാരോട് എയർ ഇന്ത്യ എക്‌സ്പ്രസ് വലിയ വഞ്ചനയാണ് കാട്ടുന്നത്.