'ഹലാൽ ആട്' തട്ടിപ്പുകേസ് പ്രതി ബി.ജെ.പിയിൽ
ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയാണ് റിഷാദിനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്
മലപ്പുറം: ഹലാൽ ആടിന്റെ പേരിൽ കോടികൾ തട്ടിയ കേസിലെ പ്രതി ബി.ജെ.പിയിൽ. റിഷാദ് മോൻ എന്ന റിഷാദ് സുല്ലമിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയാണ് അംഗത്വം നൽകി ഇയാളെ പാർട്ടിയിലേക്കു സ്വീകരിച്ചത്.
പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശിയാണ് റിഷാദ്. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബകളിൽ ആട് കച്ചവടത്തെ കുറിച്ച് വിശദീകരിച്ചും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുമായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇത്തരത്തിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 120ഓളം പേരിൽനിന്നായി ഇയാൾ കോടികൾ തട്ടിയതായാണ് കേസ്.
കേസില്‍ 2022 ഡിസംബറിലാണ് റിഷാദ് അറസ്റ്റിലായത്. മലപ്പുറം കലക്ടറേറ്റിനു സമീപത്ത് ബി.ജെ.പി മൈനോരിറ്റി മോർച്ച നൽകിയ പരിപാടിയിലാണ് റിഷാദ് ബി.ജെ.പി അംഗത്വമെടുത്തത്. അബ്ദുല്ലക്കുട്ടിക്കു പുറമെ പ്രമുഖ ബി.ജെ.പി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
ഊർങ്ങാട്ടിരി ചെക്കുന്നുമലയിൽ റിഷാദ് ഉൾപ്പെട്ട സംഘം സ്വന്തമായി ആട്, കോഴി ഫാമുകൾ നടത്തിയിരുന്നു. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. അരീക്കോട്, ഊർങ്ങാട്ടിരി, എടവണ്ണ ഭാഗങ്ങളിലുള്ളവരാണ് ഇയാളുടെ തട്ടിപ്പിനിരയായത്.
നേരത്തെ സലഫി പ്രഭാഷകനായിരുന്നു റിഷാദെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നുണ്ട്. പിന്നീട് ആം ആദ്മിയിലേക്കും അവിടെനിന്ന് സി.പി.എമ്മിലേക്കും കൂടുമാറി. സി.പി.എം വേദികളിൽ ഇദ്ദേഹം പ്രസംഗിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Summary: Rishad Mon, the accused in the halal goat scam case, has joined the BJP