ഹോസ്റ്റലുകളിലെ സമയനിയന്ത്രണം: ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി
സൗകര്യമുള്ളപ്പോൾ വന്നു കയറാൻ ഇത് ടൂറിസ്റ്റ് ഹോം അല്ലെന്ന് ആരോഗ്യ സർവകലാശാല
കൊച്ചി: ഹോസ്റ്റലുകളിലെ സമയനിയന്ത്രണത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി.
പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ ക്യാമ്പസുകളിലെ റീഡിങ് റൂമുകൾ രാത്രിയും പ്രവർത്തിക്കാമോ എന്ന കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം തേടി. പരീക്ഷ സമയങ്ങളിൽ രാത്രി 11 മണിക്ക് ശേഷവും ഹോസ്റ്റലിലെ റീഡിങ് റൂമുകൾ തുറന്നുവെക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിനാണ് മറുപടി.കുട്ടികൾ ആവശ്യപ്പെട്ടാൽ രാത്രി റീഡിങ് റൂമുകൾ തുറക്കുന്ന കാര്യത്തിൽ പ്രിൻസിപ്പൽമാർ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
9.30 ന് ശേഷം കുട്ടികൾക്ക് ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാമോ എന്ന കാര്യത്തിൽ സർക്കാർ മറ്റന്നാൾ നിലപാടറിയിക്കണം. മറ്റന്നാൾ ഹരജി വീണ്ടും പരിഗണിക്കും. എന്നാൽ പഠിക്കാനാണ് കുട്ടികളെ ഹോസ്റ്റലിൽ നിർത്തിയിരിക്കുന്നതെന്നും ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും സൗകര്യമുള്ളപ്പോൾ വന്നു കയറാൻ ഇത് ടൂറിസ്റ്റ് ഹോം അല്ലെന്നും ആരോഗ്യ സർവകലാശാല വാദത്തിനിടെ പറഞ്ഞു.