ജനയുഗം ബ്യൂറോ ചീഫ് പി.എസ്. രശ്മി അന്തരിച്ചു
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു
കോട്ടയം: ജനയുഗം ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ്. രശ്മി (38) അന്തരിച്ചു. ഇന്ന് പുലർച്ചെ തിടനാട്ടെ വീട്ടിൽവച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണത്തിന് വീട്ടിൽ എത്തിയതായിരുന്നു രശ്മി.
ഭൗതികശരീരം ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇന്ന് അവിടെ മോർച്ചറിയിൽ വെക്കും. നാളെ രാവിലെ എട്ടു മണിക്ക് മൃതദേഹം ഈരാറ്റുപേട്ട തിടനാട്ടെ വീട്ടിൽ എത്തിക്കും. സംസ്കാരം ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.
കോട്ടയം പ്രസ് ക്ലബിന്‍റെ സ്കൂൾ ഓഫ് ജേർണലിസം ആൻഡ് വിഷ്വൽ കമ്യൂണിക്കേഷനിൽ 2006-2007 ബാച്ചിലാണ് രശ്മി ജേർണലിസം പഠനം പൂർത്തിയാക്കിയത്. ജനയുഗം കൊച്ചി ബ്യൂറോയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു.തിടനാട് പുതുപ്പറമ്പിൽ പി.എൻ. സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഭർത്താവ്: ദീപ പ്രസാദ് (സീനിയർ ഫൊട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ). സഹോദരി: സുസ്മി പി.എസ്.