മന്ത്രിക്ക് പ്രോട്ടോകോൾ ഉള്ളതുപോലെ ക്ഷേത്ര പൂജകർക്കും പ്രോട്ടോകോൾ ഉണ്ട്: സ്വാമി ചിദാനന്ദ പുരി
ഭരണപരാജയം മറച്ചുവെക്കാനുള്ള ആസൂത്രിതമായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
കോഴിക്കോട്: മന്ത്രിക്ക് പ്രോട്ടോകോൾ ഉള്ളതുപോലെ ക്ഷേത്ര പൂജകർക്കും പ്രോട്ടോകോൾ ഉണ്ടെന്ന് സ്വാമി ചിദാനന്ദ പുരി. ക്ഷേത്രത്തിൽ തനിക്ക് ജാതി അധിക്ഷേപം നേരിടേണ്ടി വന്നുവെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയിത്തവും ശുദ്ധിയും രണ്ടാണ്. ഒരു പൂജകൻ പൂജക്കിടെ ആരെയും സ്പർശിക്കാറില്ല. സ്വന്തം മക്കളെപ്പോലും അപ്പോൾ സ്പർശിക്കാറില്ല. അങ്ങനെ സ്പർശിച്ചാൽ കുളിയും പ്രാണായാമവുമൊക്കെ ചെയ്തുവേണം പിന്നീട് പൂജയിലേക്ക് പ്രവേശിക്കാൻ. ഇത് സഹസ്രാബ്ദങ്ങളായി പാലിക്കുന്നതുകൊണ്ടാണ് ആചാരങ്ങൾ നിലനിൽക്കുന്നത്. പൂജക്കിടെയാണ് വിളക്ക് കൊടുക്കുന്നതെങ്കിൽ അത് കയ്യിൽ കൊടുക്കാൻ പാടില്ല. തിക്കിനും തിരക്കിനുമിടയിൽ ആർക്കാണ് വിളക്ക് കൊടുക്കേണ്ടത് എന്നറിയാത്തതുകൊണ്ടും നിലത്തുവെച്ചതാവാം. അല്ലാതെ മനപ്പൂർവം വെച്ചതാണെങ്കിൽ അത് തെറ്റ് തന്നെയാണെന്നും സ്വാമി ചിദാനന്ദ പുരി പറഞ്ഞു.
ഇതിന്റെ വസ്തുതകൾ പരിശോധിക്കാതെയാണ് ഇപ്പോൾ ആസൂത്രിതമായ പ്രചാരണം നടക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവം എന്തുകൊണ്ടാണ് മന്ത്രി ഇതുവരെ വെളിപ്പെടുത്താതിരുന്നതെന്ന് ചിദാനന്ദ പുരി ചോദിച്ചു. ഭരണപരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ ലക്ഷ്യംവെച്ചുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. മന്ത്രിയെപ്പോലുള്ള ആളുകൾ കൂടുതൽ പക്വതയോടെ കാര്യങ്ങൾ വിലയിരുത്തണമെന്നും ചിദാനന്ദ പുരി പറഞ്ഞു.
ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതിവിവേചനം നേരിട്ടെന്ന് മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.