'മുരളീധരൻ ശിഖണ്ഡിയെ പോലെ, എൻ.ഡി.എയെ തോൽപ്പിക്കാനിറങ്ങുന്നു'; വിമർശനവുമായി കെ. സുരേന്ദ്രൻ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മത്സരിച്ചതോടെ നേമത്ത് ബിജെപി തോറ്റിരുന്നു

Update: 2024-03-09 11:52 GMT
Advertising

കോട്ടയം: കെ. മുരളീധരന്റെ വരവ് തൃശൂരിൽ എൻഡിഎയെ തോൽപിക്കാനെന്ന് ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ. എൻഡിഎ യെ തോൽപ്പിക്കാൻ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് മുരളീധരനെന്നും അദ്ദേഹം പാർട്ടി പരിപാടിയിൽ സംസാരിക്കവേ വിമർശിച്ചു. നിരവധി പാർട്ടികൾ മാറിയ മുരളീധരനാണ് ബിജെപിയിൽ ചേർന്ന പത്മജയെ വിമർശിക്കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.

എൻഡിഎക്കായി നടൻ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ സിറ്റിംഗ് എംപി ടി.എൻ പ്രതാപന് പകരമാണ് കെ. മുരളീധരൻ ഇറങ്ങുന്നത്. മുരളീധരൻ എംപിയായ വടകരയിൽ കെ.കെ. ശൈലജക്കെതിരെ ഷാഫി പറമ്പിലാണ് മത്സരിക്കുന്നത്.

അതേസമയം, കെ. സുരേന്ദ്രന് മറുപടിയുമായി ഷാഫി പറമ്പിൽ രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മറ്റുള്ളവരെ വിമർശിക്കാൻ കെ സുരേന്ദ്രന് എന്ത് യോഗ്യതയാണെന്നും കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂജ്യത്തിൽ നിലനിർത്തിയതിൽ പിന്നിൽ കെ മുരളീധരനാണെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ ആർജ്ജവുള്ള നേതാവാണെന്നും ഓർമിപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ മത്സരിച്ചതോടെ നേമത്ത് ബിജെപി തോറ്റിരുന്നു. 2016 തെരഞ്ഞെടുപ്പിൽ 47.46 ശതമാനം വോട്ടുമായി ഒ. രാജഗോപാൽ വിജയിച്ച മണ്ഡലത്തിൽ കുമ്മനം രാജശേഖരൻ 35.54 ശതമാനം വോട്ടാണ് നേടിയത്. ഇതോടെ സിപിഎമ്മിന്റെ വി. ശിവൻകുട്ടി വിജയിച്ചു. മുൻ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു സ്ഥാനാർഥി വി. സുരേന്ദ്രൻ പിള്ള പിടിച്ചതിനേക്കാൾ (9.70) കൂടുതൽ വോട്ട് മുരളി (25.1) നേടി.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News