കേരള യൂണിവേഴ്സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; പൊലീസ് കേസെടുത്തേക്കും
വിശദ വിവരങ്ങൾ പൊലീസ് യൂണിവേഴ്സിറ്റിയോട് തേടും
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായതിൽ പൊലീസ് കേസെടുത്തേക്കും. വിശദ വിവരങ്ങൾ പൊലീസ് യൂണിവേഴ്സിറ്റിയോട് തേടും. സംഘർഷത്തിൽ ഉൾപ്പെട്ട കണ്ടാൽ അറിയാവുന്ന വിദ്യാർത്ഥി പ്രവർത്തകർക്കെതിരെയും കേസെടുത്തേക്കും. സംഘർഷത്തിനിടെ പൊലീസുകാർക്ക് നിസ്സാര പരിക്കേറ്റിരുന്നു. സെനറ്റ് ഹാളിലെ ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾക്കും നശിപ്പിച്ചു.
പൊലീസിന്‍റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് പ്രവർത്തകർക്കെതിരെ കേസെടുക്കാനാണ് ആലോചന. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റി രജിസ്ട്രാറിൽ നിന്ന് വിവരങ്ങൾ തേടും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി. സെനറ്റിലേക്കുളള പുതിയ തെരഞ്ഞെടുപ്പിന്‍റെ തുടർ നടപടികളും സർവ്വകലാശാല ഉടൻ സ്വീകരിക്കും. തെരഞ്ഞെടുപ്പിനിടെ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെ കെഎസ്‌യു മർദ്ദിച്ചെന്ന് ആരോപണത്തിൽ യൂണിയൻ പൊലീസിന് പരാതി നൽകും.