കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐ- കെഎസ്‌യു സംഘർഷം
സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ നിർത്തിവച്ചു
തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂണിയൻ-സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്സിക്യൂട്ടീവ്-സ്റ്റുഡൻസ് കൗൺസിൽ സീറ്റുകളിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ അക്രമണം അഴിച്ചുവിട്ടെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാൽ വോട്ടെണ്ണലിൽ ചില അപാകതകളുണ്ടെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം.
വോട്ടെണ്ണലിൽ സംശയമുള്ള സീറ്റുകളിൽ റീ കൗണ്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് തർക്കത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിക്കുകയായിരുന്നു എന്നും എസ്എഫ്ഐ ആരോപിക്കുന്നുണ്ട്. എന്നാൽ എസ്എഫ്ഐ പ്രവർത്തകരുടെ അക്രമണത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി കെഎസ്‌യുവും ആരോപിക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ നിർത്തിവച്ചു. സംഭവ സ്ഥലത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
സെനറ്റിലേക്കുള്ള വോട്ടെടുപ്പിനിടെ കെഎസ്‌യു സംഘർഷം ഉണ്ടാക്കിയെന്നും സംഘർഷത്തിന് ശേഷം 15 ബാലറ്റുകൾ കാണാനില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ആരോപിച്ചു. കെഎസ്‌യു ബാലറ്റുകൾ തട്ടിയെടുത്തെന്നും വോട്ടെടുപ്പ് നിർത്തിവയ്ക്കാനാണ് കെഎസ്‌യു അക്രമം നടത്തിയതെന്നും ആർഷോ ആരോപിച്ചു. സർവകലാശാല വൈസ് ചാൻസിലർ കൂടി അറിഞ്ഞു കൊണ്ടാണ് കെഎസ്‌യു അക്രമം അഴിച്ചുവിടുന്നതെന്നും സെനെറ്റ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കണമെന്നും എസ്എഫ്ഐ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് റദ്ദാക്കാൻ എസ്എഫ്ഐ ശ്രമിക്കുന്നുവെന്നാരോപിച്ച് കെഎസ്‌യു- എംഎസ്എഫ് പ്രവർത്തകരും രംഗത്തുവന്നു.
കേരള സർവകലാശാല വിദ്യാർഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 7ൽ 7 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 5ൽ 5 സീറ്റും സ്റ്റുഡൻ്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ 10 ൽ 8 സീറ്റും എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ 15 ൽ 13 സീറ്റും എസ്എഫ്ഐ നേടി. സർവകലാശാല യൂണിയൻ ചെയർ പേഴ്‌സണായി കൊല്ലം എസ്എൻ കോളേജിലെ സുമി എസ്, ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിലെ അമിത ബാബു എന്നിവർ തെരഞ്ഞെടുക്കുപ്പെട്ടു. കേരള സർവകലാശാല യൂണിയന്റെ ചരിത്രത്തിൽ ആദ്യമായാണ് വിദ്യാർഥി യൂണിയന്റെ ഭാരവാഹിത്വത്തിലേക്ക് പെൺകുട്ടികൾ തെരഞ്ഞെെടുക്കപ്പെടുന്നത്.