കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി; 1226 കോടി രൂപയുടെ ധനസഹായം വെട്ടി കേന്ദ്രം
കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം പദ്ധതി നടപ്പിലാക്കാത്തതിനാലാണ് ധനസഹായം നഷ്ടപ്പെട്ടത്
തിരുവനന്തപുരം: സ്വന്തം നിലയില്‍ കേരളത്തിന് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും നേരത്തെ പ്രഖ്യാപിച്ച ധനസഹായം നല്‍കില്ല. സ്വകാര്യ കമ്പനിക്ക് നടത്തിപ്പ് ചുമതല നല്‍കുന്ന ടോട്ടക്സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. എന്നാല്‍ ജനങ്ങള്‍ക്ക് ബാധ്യത ആകുമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബിയോട് നേരിട്ട് പദ്ധതി നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ആര്‍.ഡി.എസ്.എസ് പദ്ധതി പ്രകാരമാണ് സംസ്ഥാനങ്ങളോട് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല നിശ്ചിത കാലത്തേക്ക് സ്വകാര്യ കമ്പനിക്ക് നല്‍കുകയും ചെലവാക്കിയ തുക ഗഡുക്കളായി പിരിച്ചെടുക്കാനുമുള്ള ടോട്ടക്സ് മാതൃകയാണ് ഇതിന് മാനദണ്ഡമായി കേന്ദ്രം നിഷ്കര്‍ഷിച്ചത്. ഉപഭോക്താവിന് സാമ്പത്തിക ബാധ്യതയുണ്ടാകുന്ന ഈ രീതിയോട് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തി. ഇതോടെയാണ് സ്വന്തം നിലയില്‍ പദ്ധതി നടപ്പിലാക്കുന്ന കാപ്പക്സ് രീതി മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ആദ്യം അനുമതി നിഷേധിച്ച കേന്ദ്രം കേരളത്തിന്‍റെ നിര്‍ബന്ധം കൊണ്ടാണ് പദ്ധതിക്ക് അനുമതി കൊടുത്തത്. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മാത്രം 1226 കോടിയാണ് കേന്ദ്ര ധനസഹായം. സ്വന്തം നിലയില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതോടെ ഈ തുക കേന്ദ്രം വെട്ടി. ആര്‍.ഡി.എസ്.എസ് പദ്ധതിയിലെ മറ്റ് കേന്ദ്ര ഗ്രാന്റുകള്‍ ലഭിക്കും. അതിന് സ്മാര്‍ട്ട് മീറ്റര്‍ ഉടന്‍ സ്ഥാപിക്കണം. ലൈന്‍ കണക്ടിവിറ്റി ശക്തിപ്പെടുത്താനുള്ള 1728 കോടി രൂപയാണ് ഇത് വഴി കേന്ദ്രത്തില്‍ നിന്ന് കിട്ടുന്നത്. ആദ്യ ഘട്ടത്തില്‍ 3 ലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. ഇതിനായുള്ള ടെന്‍ഡര്‍ കെഎസ്ഇബി ഉടന്‍ വിളിക്കും.